കോവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുകിയത് 300ഒാളം മൃതദേഹങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ നൂറുകണക്കിന് മൃതദേഹം തള്ളാനുള്ള ഇടമായി ഗംഗ നദി മാറിയെന്ന് വെളിപ്പെടുത്തൽ. ഔദ്യോഗിക വൃത്തങ്ങൾ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് സ്ഥിരീകരണം.
ഗംഗ ശുചീകരണം ദേശീയ ദൗത്യം ഡയറക്ടർ ജനറൽ രാജീവ് രഞ്ജൻ മിശ്ര, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് അക്കൗണ്ട്സ് സർവിസ് ഉദ്യോഗസ്ഥൻ പുഷ്കൽ ഉപാധ്യായ എന്നിവർ തയാറാക്കിയ 'ഗംഗ -റീഇമേജിങ്, റിജുവിനേറ്റിങ്, റീ കണക്ടിങ്' എന്ന പുസ്തകത്തിലാണ് വിവരണം. 1987 തെലങ്കാന കേഡർ ഐ.എ.എസ് ഓഫിസറാണ് മിശ്ര. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് പുസ്തകം പ്രകാശനം ചെയ്തു.
മഹാമാരിയുടെ ആഘാതം ഗംഗയിൽ സൃഷ്ടിച്ച മാറ്റങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നു. കൂടാതെ ഗംഗയെ പുനരുജ്ജീവിക്കാനുള്ള അഞ്ചുവർഷത്തെ തീവ്രപ്രവർത്തനങ്ങൾ ആ ദിവസങ്ങളിലൂടെ വിഫലമായെന്നും പുസ്തകത്തിൽ പറയുന്നു.
കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ യു.പിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞു. ഇതോടെ മൃതദേഹം തള്ളാനുള്ള എളുപ്പത്തിലുള്ള സ്ഥലമായി ഗംഗ മാറി. വിവിധ ജില്ലകൾ നൽകിയ കണക്കുപ്രകാരം 300ഓളം മൃതദേഹം ഗംഗയിലൂടെ ഒഴുകിവന്നു. മൃതദേഹങ്ങളുടെ എണ്ണം വർധിച്ചതോടെ ജില്ല അധികൃതരുടെ ജോലിഭാരം കൂടിയെന്നും പുസ്തകത്തിൽ പറയുന്നു.
മേയ് മാസത്തിൽ പകുതി കത്തിയതും വീർത്തതുമായ മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിനടക്കുന്നുവെന്ന വിവരം അറിഞ്ഞു. ടെലിവിഷൻ ചാനലുകളിലും മാസികകളിലും പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും മൃതദേഹം ഒഴുകി നടക്കുന്നതിന്‍റെയും നദിയിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്‍റെയും കഥകളാൽ നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ അനുഭവമായിരുന്നു. കാരണം ഡയറക്ടർ ജനറൽ എന്ന നിലയിൽ ഗംഗയുടെ ആരോഗ്യം സംരക്ഷിക്കുക, അതിന്‍റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്‍റെ പ്രകൃതമായ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, പോഷക നദികളുടെ ഒഴുക്ക് ഉറപ്പാക്കുക എന്നതാണ് എന്‍റെ ജോലി -പുസ്തകത്തിൽ മിശ്ര വ്യക്തമാക്കുന്നു.
രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ മിശ്രയുടെ നേതൃത്വത്തിലുള്ള എൻ.എം.സി.ജി 59 ജില്ല കമ്മിറ്റികളോട് മൃതദേഹങ്ങൾ പൊങ്ങികിടക്കുന്ന പ്രശ്നം പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യു.പിയോടും ബിഹാറിനോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യു.പിയിലെ മധ്യ, കിഴക്കൻ മേഖലകളിൽ നദികളിൽ മൃതദേഹം സംസ്കരിക്കുന്നത് വ്യാപകമായിരുന്നുവെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.
പുസ്തകത്തിൽ യു.പിയിലെയും ബിഹാറിലെയും മോശം കോവിഡ് മാനേജ്മെന്റിനെയും എടുത്തുകാട്ടുന്നുണ്ട്. മൃതദേഹം നദിയിൽ തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ എൻ.എം.സി.ജിക്ക് അധികാരമില്ല. അതിനാൽ തന്നെ ഞങ്ങൾ നിസഹായരായിരുന്നു. വിവിധ ജില്ല അധികാരികളുടെ കണക്കുകൾ പ്രകാരം 300ഓളം മൃതദേഹങ്ങളാണ് നദിയിൽ ഒഴുകിയത്. ബിഹാറിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ യു.പിയിൽനിന്ന് ഒഴുകിയെത്തിയവയാണെന്നും പുസ്തകത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.