ദക്ഷിണ കന്നടയിൽ ആദിവാസി സ്ത്രീയെ പൊതുയിടത്തിൽ വിവസ്ത്രയാക്കി
text_fieldsബംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിൽ ആദിവാസി സ്ത്രീക്കുനേരെ ആക്രമണം. സംഘം ചേർന്ന് സ്ത്രീയെ മർദിച്ച് പൊതുയിടത്തിൽ വിവസ്ത്രയാക്കി. ബെൽത്തങ്ങാടി താലൂക്കിലെ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യം പുറത്തുവന്നു.
സ്ഥലതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 94 സി പ്രകാരം ക്രമപ്പെടുത്തിയ സർക്കാർ ഭൂമിയിലാണ് മൂത്ത സഹോദരിക്കും മാതാവിനുമൊപ്പം ഇവർ കഴിയുന്നത്. ഇവരോട് അവിടെനിന്ന് ഒഴിയണമെന്ന് പലപ്പോഴായി ഒരു സംഘമാളുകൾ ഭീഷണിപ്പെടുത്താറുണ്ടെന്നാണ് പരാതി. ഏപ്രിൽ 19ന് വൈകീട്ട് നാലോടെ സ്ഥലപ്രശ്നം പരിഹരിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി. എന്നാൽ, ഇതിനിടെ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച ഒരു സംഘം പ്രശ്നമുണ്ടാക്കി ഉദ്യോഗസ്ഥരെ മടക്കി.
അതിനുശേഷമാണ് സ്ത്രീയെയും സഹോദരിയെയും മാതാവിനെയും ആക്രമിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം ഉൾപ്പെടെ 30ലധികം പേർ നോക്കി നിൽക്കെ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നു. ഇതിന്റെ വിഡിയോ പ്രതികൾ പകർത്തി പ്രചരിപ്പിച്ചതായി പരാതിയിലുണ്ട്.
സംഭവത്തിൽ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തു. ഒമ്പതു പേർക്കെതിരെയാണ് ഇവർ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.