യുക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന
text_fieldsന്യൂഡൽഹി: റഷ്യയുടെ പേര് പരാമർശിക്കാതെ യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് ജി20 നേതാക്കളുടെ സംയുക്ത പ്രസ്താവന. യുക്രെയ്നിൽ ശാശ്വതമായ സമാധാനം പുലരണമെന്ന് പ്രസ്താവനയിൽ പറയുന്നു. ഒരു രാജ്യത്തേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ല. ഭക്ഷ്യ-ഊർജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നും സംയുക്ത പ്രസ്താവന പറയുന്നു. യു.എൻ ചാർട്ടർ അനുസരിച്ച് യുക്രെയ്ൻ യുദ്ധത്തിന് പരിഹാരമുണ്ടാകണം.
രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ആഗോള സമ്പദ്‍വ്യവസ്ഥയിൽ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിനായി ഒന്നിക്കണം. സമാധാനത്തെ പിന്തുണക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതം ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രസ്താവന പറയുന്നു.
നേരത്തെ ചർച്ചകൾക്കൊടുവിൽ റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച വെല്ലുവിളികൾക്കിടയിൽ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ ധാരണയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രസ്താവനയിൽ ധാരണയായ വിവരം അറിയിച്ചത്. വികസനപരവും ഭൗമരാഷ്ട്രീയപരവുമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം സമവായത്തോടെയാണ് ഉച്ചകോടിക്കുള്ള സംയുക്ത പ്രസ്താവന തയാറാക്കിയതെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്തും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന ഔദ്യോഗികമായി പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.