ഓട്ടോ ഡ്രൈവർമാർക്കായി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ച് കെജ്‌രിവാൾ; സ്വവസതിയിൽ ഡ്രൈവർമാർക്ക് ചായ സൽക്കാരവും
text_fieldsന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിരവധി ഉറപ്പുകളുടെ ഭാഗമായി ദേശീയ തലസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാർക്കായി 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
തന്റെ വസതിയിൽ ഒരു ഓട്ടോ ഡ്രൈവറുമായി ഭക്ഷണം കഴിച്ചതിനുശേഷമാണ് കെജ്‌രിവാൾ ‘എക്‌സി’ൽ ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കുള്ള അഞ്ച് ഗാരണ്ടികൾ അദ്ദേഹം തന്റെ പോസ്റ്റിൽ വിശദീകരിച്ചു. ‘ആം ആദ്മി പാർട്ടിയെന്ന നിലയിൽ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും കെജ്രിവാളിന്റെ 5 ഉറപ്പുകൾ: ഓരോ ഡ്രൈവർക്കും 10 ലക്ഷം രൂപ വരെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസും, മകളുടെ വിവാഹത്തിന് ലക്ഷം രൂപ സഹായം, യൂണിഫോമിന് വർഷത്തിൽ രണ്ടുതവണ 2500 രൂപ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള കോച്ചിംഗ് ചെലവ് സർക്കാർ വഹിക്കും. ‘ഞങ്ങൾ മുമ്പ് അവരോടൊപ്പം നിന്നു, ഭാവിയിലും അവരോടൊപ്പം നിൽക്കു’മെന്നും ഇതിനൊപ്പം അദ്ദേഹം എഴുതി.
ഡൽഹി നിയമസഭയിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം നേടുകയെന്ന ലക്ഷ്യത്തോടെ ആം ആദ്മി പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. കെജ്‌രിവാൾ തിങ്കളാഴ്ച ഓട്ടോ ഡ്രൈവർമാരെ ചായ കുടിക്കാൻ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ‘ഇന്ന് ഞാൻ എന്റെ ഓട്ടോ ഡ്രൈവർ സഹോദരങ്ങളെ വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിക്കുകയും അവരോട് തുറന്ന് സംസാരിക്കുകയും ചെയ്തു. അവരുമായി സന്തോഷവും സങ്കടവും പങ്കിടുന്നത് എനിക്ക് വളരെ സവിശേഷമാണ്. ഒരു പ്രത്യേകത ഇതിനുണ്ട്. അവരുമായുള്ള പഴയതും ആഴത്തിലുള്ളതുമായ ബന്ധമാണത്’. ഒത്തുചേരലിലെ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് കെജ്‌രിവാൾ ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു. കാലങ്ങൾ എന്തുതന്നെയായാലും ഞങ്ങൾ പരസ്പരം പിന്തുണച്ചിട്ടുണ്ട്. അവരുടെ വെല്ലുവിളികളും കഠിനാധ്വാനവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ എപ്പോഴും അവർക്കായി പ്രവർത്തിച്ചിട്ടുണ്ട്. ഭാവിയിലും അവരുടെ സൗകര്യത്തിനായി പ്രവർത്തിക്കും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.