എട്ടുമാസമായി അഭയാർഥി കുട്ടികൾക്ക് പഠിക്കാൻ സ്കൂളുകൾ കണ്ടെത്താൻ കഴിയാതെ അഫ്ഗാൻ അധികൃതർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ എട്ടുമാസമായി അഫ്ഗാൻ അഭയാർഥികൾക്കായി ഇന്ത്യയിൽ സ്കൂളുകൾ സ്ഥാപിക്കാൻ നെട്ടോട്ടമോടുകയാണ് സയ്യിദ് ജമാലുദ്ദീൻ സ്കൂൾ അധികൃതർ. അഫ്ഗാൻ അഭയാർഥികൾക്കായുള്ള ഇന്ത്യയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് സയ്യിദ് ജമാലുദ്ദീൻ സ്കൂൾ. ഡൽഹിയിൽ 30 ഓളം സ്വകാര്യ, പൊതു വിദ്യാലയങ്ങളെയാണ് ഈ ആവശ്യവുമായി സ്കൂൾ അധികൃതർ സമീപിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് 2020 മുതൽ 250 ഓളം വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടത്തിയിരുന്നത്. കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുത്തതു മുതൽ സ്കൂൾ നടത്തിപ്പിനുള്ള സഹായം റദ്ദാക്കിയിരുന്നു. അഫ്ഗാൻ എംബസിയായിരുന്നു അതുവരെ സ്കൂളിന് സാമ്പത്തിക സഹായം നൽകിയിരുന്നത്.
ഫണ്ടില്ലാത്തതിനാൽ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് അധികൃതർ ഇപ്പോൾ. അതേസമയം, ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം സ്കൂളിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്.
മറ്റൊരു സ്കൂളുമായി സഹകരിച്ച് 15 ക്ലാസ് മുറികൾ രൂപപ്പെടുത്തുകയാണ് ഇപ്പോൾ ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അതായത് ആ സ്കൂളിലെ പഠനം കഴിഞ്ഞ് വൈകീട്ട് മൂന്നു മുതൽ ആറുവരെ അഫ്ഗാനി വിദ്യാർഥികളെ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡൽഹിയിലെ ഭോഗൽ, ആശ്രാം, ലജ്പത് നഗർ, നെഹ്റു നഗർ എന്നിവിടങ്ങളിൽ കഴിയുന്ന വിദ്യാർഥികളെ പഠിപ്പിക്കാനാണ് ലക്ഷ്യം.
സ്വകാര്യ സ്കൂളുകളെ സമീപിച്ചപ്പോൾ അവർ ആവശ്യപ്പെട്ട തുക ബജറ്റിൽ ഒതുങ്ങുന്നതായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. മാത്രമല്ല, അവർക്കൊപ്പം ചേരാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അനുമതിയും വേണം. സർക്കാർ സ്കൂളുകളുടെ കാര്യവും അങ്ങനെ തന്നെ. തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തുന്ന സ്കൂളുകളെ സമീപിച്ചിരിക്കയാണ് അധികൃതർ ഇപ്പോൾ. എന്നാൽ എട്ടു മാസമായിട്ടും ഡൽഹിയിലെ ഒരു സ്കൂളുകളുമായും കരാറിലെത്താൻ സാധിച്ചിട്ടില്ലെന്നും അധികൃതർ സൂചിപ്പിച്ചു. സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ക്ലാസുകൾ ഓൺലൈൻ വഴിയാക്കാനാണ് തീരുമാനം.
1994ലാണ് വിമൻസ് ഫെഡറേഷൻ ഫോർ വേൾഡ് പീസ് എന്ന സംഘടനയുടെ സഹായത്തോടെ അഫ്ഗാനിൽ സ്കൂൾ തുടങ്ങിയത്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്കായി 250 വിദ്യാർഥികളും 35 അധ്യാപക-അധ്യാപകരുമാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.