ഷിൻഡെയെ ഒതുക്കി ബി.ജെ.പി; ആഭ്യന്തരം, ധനകാര്യം വകുപ്പുകൾ ഫട്നാവിസിന്; മുഖ്യമന്ത്രിക്ക് നഗരവികസനം
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിസഭ വികസനത്തിനു പിന്നാലെ സുപ്രധാന വകുപ്പുകളിൽ പിടിമുറുക്കി ബി.ജെ.പി. ആഭ്യന്തരം, ധനകാര്യം, ആസൂത്രണം എന്നീ സുപ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് കൈകാര്യം ചെയ്യും.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നഗരവികസനത്തിന്റെ ചുമതലയാണ് വഹിക്കുക. പ്രധാന വകുപ്പുകളെല്ലാം ബി.ജെ.പിക്കാണ്. മന്ത്രിമാരുടെ വകുപ്പുകളുടെ വിവരം പുറത്തുവന്നതോടെ ഷിൻഡെയെ ബി.ജെ.പി ഒതുക്കിയെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത്, ഗതാഗതം വകുപ്പുകളുടെ ചുമതലയും ഷിൻഡെക്കാണ്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ ഉന്നതവിദ്യാഭ്യാസം, പാർലമെന്ററി കാര്യ മന്ത്രിയാകും.
ബി.ജെ.പിയുടെ രാധാകൃഷ്ണ വിഖെ പാട്ടീൽ റവന്യൂ മന്ത്രിയും സുധീർ മുൻഗന്തിവാർ വനം മന്ത്രിയുമാകും. ഷിൻഡെ നയിക്കുന്ന ശിവസേന വിമത പക്ഷത്തുന്ന് ദീപക് കേസർകർ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും അബ്ദുൽ സത്താർ കൃഷിമന്ത്രിയുമാകും.
പൊതുഭരണം, ഐടി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ദുരന്തനിവാരണം, മണ്ണ് – ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ-വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാർക്ക് വിഭജിച്ചുനൽകാത്ത വകുപ്പുകളുടെ ചുമതലയും നിലവിൽ മുഖ്യമന്ത്രിക്കാണ്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ പലതും ഷിൻഡെക്ക് നഷ്ടമാകും.
സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങൾക്കുശേഷമാണ് ഷിൻഡെ സർക്കാർ മന്ത്രിസഭ വികസിപ്പിച്ചത്. ബി.ജെ.പി, ഷിൻഡെ ക്യാമ്പുകളിൽനിന്ന് ഒമ്പതു പേരെ വീതം കൂട്ടി 18 പേരുടെ സത്യപ്രതിജ്ഞയാണ് കഴിഞ്ഞദിവസം നടന്നത്. സർക്കാറിന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നിലപാട് മാറ്റി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്.
ഷിൻഡെയെ മുഖ്യമന്ത്രി കസേരയിലിരുത്തി മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ പീൻസീറ്റ് ഭരണമാണ് നടക്കുകയെന്ന് അന്നുതന്നെ വിമർശനങ്ങളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് വകുപ്പ് വിഭജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.