ജാതി മാറി വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തിയ എസ്.ഐയും സഹോദരനും അറസ്റ്റിൽ
text_fieldsഗുഡ്ഗാവ്: ജാതിമാറി വിവാഹം കഴിച്ചതിന് മകളെ കൊലപ്പെടുത്തിയ റെയിൽവേ പൊലീസ് എസ്.ഐയും സഹോദരനും അറസ്റ്റിൽ. ഫരീദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ 25 വയസായ മകൾ കോമളിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച 25കാരിയുടെ ഭർത്താവ് സാഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്വകാര്യകമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറാണ് സാഗർ. സാഗറും കോമളും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. തുടർന്ന് ഇരുവരും ഫെബ്രുവരി എട്ടിന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. േകാമളിന്‍റെ വീട്ടിൽനിന്ന് ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു. കോടതി ഇരുവർക്കും സംരക്ഷണം ഉറപ്പുനൽകുകയും ചെയ്തിരുന്നു.
പിന്നീട് കോമളിന്‍റെ കുടുംബം ദമ്പതികളെ സമീപിക്കുകയും ഇരുവരുടെയും ബന്ധം അംഗീകരിച്ചതായി അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 19ന് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തുകയും കോമളിനെ വീട്ടിലേക്ക് മടക്കികൊണ്ടുപോകുകയുമായിരുന്നു.
എന്നാൽ വ്യാഴാഴ്ച സാഗറിനെ കോമളിന്‍റെ സുഹൃത്ത് ഫോൺ ചെയ്ത് കോമൾ മരിച്ചതായി അറിയിക്കുകയായിരുന്നു. കോമൾ ആത്മഹത്യ ചെയ്തുവെന്നും അവളുടെ കുടുംബം മൃതദേഹം സംസ്കരിച്ചുവെന്നുമായിരുന്നു സന്ദേശം. സാഗറിന്‍റെ കുടുംബം പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴും ഇതുതന്നെയായിരുന്നു മറുപടി.
ഇതോടെ സാഗറും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. കോമളിനെ പിതാവിന്‍റെ സഹോദരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്കരിച്ചെന്ന് ഇൻസ്പെക്ടർ സുധീപ് സിങ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് സോഹൻപാൽ, ബന്ധു ശിവ്കുമാർ എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.