ഡൽഹി വംശീയ ലഹളക്കേസുകളിൽ ആദ്യ ശിക്ഷാവിധി; പ്രതിക്ക് അഞ്ച് വർഷം തടവ്
text_fieldsന്യൂഡൽഹി: വടക്കു-കിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരിയിലുണ്ടായ വംശീയ ലഹളയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു. ദിനേഷ് യാദവ് എന്നയാളെയാണ് കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചത്. ഡൽഹി വംശീയ ലഹളക്കേസുകളിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് ദിനേഷ് യാദവ്.
73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്ത സംഭവങ്ങളിൽ ദിനേഷ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കലാപത്തിന് നേതൃത്വം നൽകിയ സംഘത്തിൽ സജീവമായിരുന്നു ഇയാളെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഗോകുൽപുരിയിലെ ഭഗീരഥി വിഹാറിൽ താമസിക്കുന്ന മനോരി എന്ന 73കാരിയുടെ വീടാണ് ഇയാളുടെ നേതൃത്വത്തിൽ കത്തിച്ചത്. 2020 ഫെബ്രുവരി 25ന് 200ഓളം വരുന്ന കലാപകാരികൾ തന്‍റെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയുമായിരുന്നെന്ന് ഇവർ പറഞ്ഞു. വീട്ടിലെ മറ്റ് അംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കോടതി പരിഗണിച്ചു. പ്രതി ദിനേഷ് യാദവ് അക്രമിസംഘത്തിലുണ്ടായിരുന്നെന്നും എന്നാൽ വീട് കത്തിക്കുന്നത് തങ്ങൾ കണ്ടില്ലെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. അക്രമിസംഘത്തിന്‍റെ കൂടെയുള്ളയാളാണെങ്കിൽ വീട് കത്തിച്ചതിനും ഇയാൾ ഉത്തരവാദിയായി കണക്കാക്കാമെന്ന് ഡൽഹി കർകർദൂമ കോടതി നിരീക്ഷിച്ചു.
അതേസമയം, ഡൽഹി വംശീയ ലഹളയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പ്രതികളായ ആറ് പേർക്ക് ഹൈകോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ഗോകുൽപുരി മേഖലയിൽ ഒരു കട തീവെച്ച് നശിപ്പിച്ച കേസിലെ പ്രതികളാണിവർ. തീവെപ്പിനെ തുടർന്ന് കടയിലെ ജീവനക്കാരനായ 22കാരൻ ദിൽബർ നേഗി കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കടയുടെ പരിസരത്തുനിന്ന് ഇയാളുടെ അംഗഭംഗം സംഭവിച്ച മൃതദേഹം ലഭിച്ചത്.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ സംഘ്പരിവാർ പിന്തുണയോടെ നടന്ന ആക്രമണങ്ങളാണ് ഡൽഹിയിൽ വംശീയ ലഹളയായി വളർന്നത്. 50ലേറെ പേർ കൊല്ലപ്പെട്ടതായും 200ലേറെ പേർക്ക് പരിക്കേറ്റതായുമാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.