എയർ ഇന്ത്യയിലെ ഭക്ഷണം ഇനി പഴയപോലെയാകില്ല; മാറ്റം ആരംഭിച്ചുകഴിഞ്ഞെന്ന് ടാറ്റ
text_fieldsഎയർ ഇന്ത്യയിലെ ആദ്യമാറ്റം പ്രഖ്യാപിച്ച് ടാറ്റ. കമ്പനി ഏറ്റെടുത്തതിനു പിറകെയാണ് ആദ്യ നടപടി ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. വിമാനത്തിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം ഇനി പഴയ പോലെയാകില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന. ഭക്ഷണസേവനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും നാല് വിമാനങ്ങളിൽ മാറ്റം ആരംഭിച്ചുവെന്നുമാണ് കമ്പനി വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിൽനിന്നുള്ള നാല് വിമാന സർവീസുകളിലാണ് ആദ്യ മാറ്റങ്ങൾ കൊണ്ടുവരിക. എഐ864 മുംബൈ-ഡൽഹി, എഐ687 മുംബൈ, എഐ945 മുംബൈ-അബൂദബി, എഐ639 മുംബൈ-ബംഗളൂരു വിമാനങ്ങളിലാണ് പുതുക്കിയ ഭക്ഷണമെനുവും സർവീസും ആദ്യമായി നടപ്പാക്കുന്നത്. വെള്ളിയാഴ്ച മുതൽ മുംബൈയിൽനിന്നു തന്നെയുള്ള വിമാനങ്ങളിലും ഇത് തുടരും. വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളിലും യാത്രക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.
പൊതുമേഖലയിൽനിന്ന് കമ്പനി ഏറ്റെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ച് എയർ ഇന്ത്യ ജീവനക്കാർക്കെല്ലാം ടാറ്റയുടെ ഇ-മെയിൽ ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രതിച്ഛായയും സമീപനവും പെരുമാറ്റവുമെല്ലാം മാറ്റാൻ പോകുകയാണെന്നും അടുത്ത ഏഴുദിവസം വളരെ പ്രധാനമാണെന്നും ഇ-മെയിലിൽ ജീവനക്കാരോട് പറയുന്നു. കാബിൻ ക്യൂവിന്റെ പെരുമാറ്റത്തിലടക്കം മാറ്റംകൊണ്ടുവരുമെന്നും ഇതിനായി പ്രത്യേക പരിശീലനങ്ങൾ നൽകുമെന്നും ഈ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാനിരിക്കുന്ന സന്ദീപ് ശർമയും മേഘ സിംഘാനിയയും ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.