കർഷക സമരത്തിന് പിന്തുണ; 1200 ട്വിറ്റർ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ
text_fields
ന്യൂഡൽഹി: ഖലിസ്താനെയും പാകിസ്താനെയും പിന്തുണക്കുന്നവയെന്ന് മുദ്രകുത്തി 1,200 ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഇന്ത്യയിൽ േബ്ലാക്ക് ചെയ്യണമെന്ന ആവശ്യവുമായി പുതിയ പട്ടിക നൽകിയത്. എന്നാൽ, ഈ നിർദേശം ഇതുവരെയും ട്വിറ്റർ പാലിച്ചിട്ടില്ലെന്ന് മന്ത്രാലയം വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
ഖലിസ്താൻ, പാകിസ്താൻ അനുകൂലികളെന്ന് സുരക്ഷ ഏജൻസികൾ റിപ്പോർട്ട് ചെയ്ത ഇവ കർഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നൽകിയ കത്തിൽ പറയുന്നു. ആഗോള സെലിബ്രിറ്റികൾ കർഷക സമരത്തെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകളിൽ ചിലത് ട്വിറ്റർ ആഗോള സി.ഇ.ഒ ജാക് ഡോർസി ലൈക് ചെയ്തതും ശ്രദ്ധയിൽ പെട്ടതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
മുമ്പ് നിരോധിക്കേണ്ട 257 അക്കൗണ്ടുകളുടെ പട്ടിക ജനുവരി 31ന് കേന്ദ്രം നൽകിയിരുന്നു. ആക്രമണത്തെ പ്രേരണ നൽകുന്ന ട്വീറ്റുകൾ നിരന്തരം നൽകുന്നുവെന്നായിരുന്നു അന്ന് സർക്കാർ നിരത്തിയ കാരണം. അവയിൽ ചിലത് തത്കാലം മരവിപ്പിച്ചുവെങ്കിലും വൈകാതെ പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേ സമയം, സർക്കാർ നൽകിയ നിർദേശം പാലിക്കാനോ മറുപടി പറയാനോ ട്വിറ്റർ താൽപര്യം കാണിക്കുന്നില്ലെന്നാണ് സർക്കാർ പരാതി. ഇവക്കെതിരെ കോടതിയിൽ പോകാൻ സമൂഹ മാധ്യമ ഭീമന് അവകാശമുണ്ടെങ്കിലും ഇടക്കാല ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുംവരെ പാലിക്കാൻ ബാധ്യസഥമാണെന്ന് സർക്കാർ പറയുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണെന്നും അവയിൽ ഇടപെടാനില്ലെന്നും ട്വിറ്റർ പറയുന്നു.
ഐ.ടി നിയമം 69 എ വകുപ്പു പ്രകാരമാണ് മന്ത്രാലയം നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.