ഗുജറാത്തിൽ വഗേല കുടിയന്മാരുടെ പക്ഷത്ത്
text_fieldsഅഹ്മദാബാദ്: നിരോധനമുള്ള ഗുജറാത്തിൽ മദ്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഗേല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മദ്യനിരോധനം നീക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു.
സംസ്ഥാനത്തെ പ്രായമേറിയ രാഷ്ട്രീയനേതാക്കളിലൊരാളായ വഗേലയുടെ 'കുപ്പിക്കായുള്ള പോരാട്ട'ത്തിന് പിന്തുണ കുറവാണ്. ഗാന്ധിജിയുടെ ജന്മനാട്ടിൽ ഗാന്ധിയന്മാരും സ്ത്രീകളും ധാർമികതയിൽ വിശ്വസിക്കുന്നവരുമൊന്നും ഈ ആശയത്തെ അംഗീകരിക്കുന്നില്ല.
എന്നാലും പിന്മാറില്ലെന്ന ദൃഢനിശ്ചയത്തിലാണ് വഗേലയും പാർട്ടിയായ പ്രജാശക്തി ഡെമോക്രാറ്റിക് പാർട്ടിയും (പി.എസ്.ഡി.പി). തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയൊന്നുമില്ലാത്തതിനാൽ പാർട്ടിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ബി.ജെ.പി, കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ച ശേഷമാണ് വഗേല പുതിയ പാർട്ടിയുണ്ടാക്കിയത്.
മദ്യം തിരിച്ചുകൊണ്ടുവരണമെന്നത് വഗേലയുടെ പുതിയ ആശയമല്ലെന്നും രണ്ടു വർഷം മുമ്പേ ഇതുസംബന്ധിച്ച് അദ്ദേഹം ഗൗരവപരമായി ആലോചിച്ചിരുന്നെന്നും അടുത്ത അനുയായിയായ പ്രതേഷ് പട്ടേൽ പറഞ്ഞു. ഇപ്പോഴാണ് വഗേല ഇക്കാര്യം പ്രഖ്യാപിക്കുന്നത്.
വികസനപ്രവർത്തനങ്ങൾക്കുള്ള പണമാണ് മദ്യനിരോധനത്തിലൂടെ നഷ്ടമാകുന്നതെന്നാണ് പി.എസ്.ഡി.പിയുടെ നിലപാട്. വർഷത്തിൽ 40,000 കോടി രൂപ നികുതിയിനത്തിലുൾപ്പെടെ നഷ്ടമാകും. സൗജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്താൻ ഉപയോഗപ്പെടുത്താവുന്ന തുകയാണിതെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.
മദ്യനിരോധനമാണെങ്കിലും ഗുജറാത്തിൽ 'സാധനം' കിട്ടാൻ ബുദ്ധിമുട്ടില്ലെന്നാണ് വഗേലയുടെ പാർട്ടി പറയുന്നത്. ഒരു കോടി ആളുകൾ സംസ്ഥാനത്ത് മദ്യപിക്കുന്നുണ്ടെന്ന് സർവേയിൽ വ്യക്തമായത്രെ. രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് കള്ളക്കടത്തായി എത്തുന്നുണ്ട്.
പണക്കാർക്കും സ്വാധീനമുള്ളവർക്കും 'ഹെൽത്ത് പെർമിറ്റ്' വഴി മദ്യം കിട്ടാൻ സംവിധാനമുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു വ്യക്തിക്ക് മദ്യം അത്യാവശ്യമാണെന്ന് ഡോക്ടറടക്കം സാക്ഷ്യപ്പെടുത്തിയാണ് ഈ പെർമിറ്റ് നൽകുക.
പണമില്ലാത്തവർക്ക് വ്യാജമദ്യമാണ് ആശ്രയമെന്നും വഗേലയും കൂട്ടരും അഭിപ്രായപ്പെടുന്നു. ബോതാഡ് ജില്ലയിൽ വിഷമദ്യം കഴിച്ച് അടുത്തിടെ 60 പേർ മരിച്ചതും പി.എസ്.ഡി.പി മദ്യം തിരിച്ചുകൊണ്ടുവരാനുള്ള ആവശ്യത്തിന് ആയുധമായി പയറ്റുന്നു.
വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ ഭാര്യമാർ വഗേലയെ സന്ദർശിച്ച് മദ്യനിരോധനം നീക്കാൻ ആവശ്യപ്പെട്ടതായി പ്രതേഷ് പട്ടേൽ പറഞ്ഞു. നിരോധനം നീക്കിയാൽ 'നിലവാരമുള്ള' മദ്യം കിട്ടുമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ നയം മുന്നോട്ടുവെക്കാനാണ് വഗേലയുടെ പാർട്ടി ഉദ്ദേശിക്കുന്നത്. വിദേശത്തുള്ള ഗുജറാത്തുകാരും പിന്തുണ നൽകിയിട്ടുണ്ടെന്ന് പ്രതേഷ് പട്ടേൽ അവകാശപ്പെടുന്നു. ഗാന്ധിയന്മാർവരെ പിന്തുണ വാഗ്ദാനം ചെയ്തത്രെ.
മഹാരാഷ്ട്രയിലും ഗോവയിലും ഡൽഹിയിലും ആദ്യം നിരോധിക്കട്ടെയെന്ന് ഗാന്ധിയന്മാർ അഭിപ്രായപ്പെട്ടതായി വഗേലയുടെ പാർട്ടി പറയുന്നു. അതേസമയം, വഗേലയുടെ മദ്യനയത്തിന് കാര്യമായ പിന്തുണ സംസ്ഥാനത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.