സാവിത്രി ജിൻഡാലിന്റെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചു; ഹരിയാനയിൽ അംഗസംഖ്യ വർധിപ്പിച്ച് ബി.ജെ.പി
text_fieldsചണ്ഡീഗഢ്: ഹരിയാനയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി ജിൻഡാൽ ബി.ജെ.പിയെ പിന്തുണക്കാൻ തീരുമാനിച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്‍ലാബ് ദേബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സാവിത്രി ജിൻഡാലിന്റെ പ്രഖ്യാപനം. സ്വന്തന്ത്രരായി മത്സരിച്ച് വിജയിച്ച മറ്റ് രണ്ടുപേരും പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 51 ആയി.
ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നാണ് സാവിത്രി ജനവിധി തേടിയത്. സാവിത്രിയെ കൂടാതെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച രാജേഷ് ജൂൺ, ദേവേന്ദർ കദ്‍യാൻ എന്നിവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവരുമായും കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാനും ബി.ജെ.പി എം.പി ബിപ്‍ലാബ് കുമാർ ദേബും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബഹാദുർഗ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ദിനേഷ് കൗശിക്കിനെ 41,999 വോട്ടുകൾക്കാണ് രാജേഷ് ജൂൺ പരാജയപ്പെടുത്തിയത്. ബി.ജെ.പി വിമതനായ ദേവേന്ദർ കദ്‍യാൻ ഗനാവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കുൽദീപ് ശർമയെ ആണ് തോൽപിച്ചത്.
കുരുക്ഷേത്ര ബി.ജെ.പി എം.പി നവീൻ ജിൻഡാലിന്റെ അമ്മയാണ് സാവിത്രി. കോൺഗ്രസിന്റെ റാം നിവാസ് റാറയെ ആണ് അവർ 18,941 വോട്ടുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.
48 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ഹരിയാനയിൽ ഹാട്രിക് തികച്ചത്. കോൺഗ്രസ് 37 സീറ്റുകളിൽ വിജയിച്ചു. ഹരിയാനയിൽ എക്സിറ്റ് പോളുകളെല്ലാം കോൺഗ്രസിന് അനുകൂലമായാണ് വിധിയെഴുതിയത്. എ.എ.പിക്ക് ഇക്കുറിയും ഹരിയാനയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.