പവാർ എന്നും വൻ വ്യവസായികളുടെ തോഴൻ; ആത്മകഥയിലും അദാനിയെ വാഴ്ത്തി
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കിയ അദാനിയെ പിന്തുണച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ രാഷ്ട്രീയ വിവാദത്തിൽ. ആറര പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ വൻ വ്യവസായികളെ ചേർത്തുപിടിച്ചതല്ലാതെ അവരെ ഒരിക്കലും പവാർ വിമർശിച്ചിട്ടില്ല. രാജ്യത്തിന്റെ വികസനത്തിന് അവരുടെ സേവനങ്ങൾ അനിവാര്യമാണെന്നാണ് പവാറിന്റെ പക്ഷം. നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പല തവണ കേന്ദ്രമന്ത്രിയുമായ പവാർ വ്യവസായികളിലൂടെയുള്ള വികസനമാണ് ലക്ഷ്യമിട്ടത്.
അതിൽ ഒരാളാണ് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി. മറാത്തിയിലുള്ള രാഷ്ട്രീയ ആത്മകഥയായ ‘ലോക് മാജാ സാൻഗ്തി’യിൽ (ജനം എന്നോട് പറഞ്ഞത്) അദാനിയുടെ ലാളിത്യം, വിനയം, വ്യാവസായിക അഭിലാഷങ്ങൾ എന്നിവ പവാർ വാഴ്ത്തുന്നുണ്ട്. 2015 ലാണ് പുസ്തകം പുറത്തിറങ്ങിയത്. ഒന്നുമില്ലായ്മയിൽ നിന്ന് വൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത അദാനി തെർമൽ ഊർജ മേഖലയിലേക്ക് കടന്നത് തന്റെ ഉപദേശ പ്രകാരമാണെന്ന് പവാർ ആത്മകഥയിൽ അവകാശപ്പെടുന്നു.
പ്രഫുൽ പട്ടേലിന്റെ പിതാവിന്റെ ചരമ വാർഷികത്തിൽ നടന്ന ചടങ്ങിലാണ് തെർമൽ ഊർജ മേഖലയുമായി ബന്ധപ്പെട്ട് അദാനിയോട് പറഞ്ഞത്. സാധാരണ വേദിയിൽ പറഞ്ഞത് അവിടെ തന്നെ അവസാനിക്കും. എന്നാൽ, അദാനി അത് ഏറ്റെടുത്ത് ഭണ്ഡാരയിൽ ഊർജ പ്ലാന്റ് സ്ഥാപിച്ചു-പവാർ എഴുതി.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം കോൺഗ്രസ് അടക്കമുള്ളവർ ആവശ്യപ്പെടുമ്പോഴാണ് ചാനൽ അഭിമുഖത്തിൽ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി അദാനിയെ പിന്തുണച്ച് പവാർ രംഗത്തുവന്നത്. അദാനിയെ ലക്ഷ്യമിട്ടതായി കരുതുന്നതായാണ് പവാർ പറഞ്ഞത്. അന്വേഷണത്തിന് സുപ്രീംകോടതി സമിതിയുള്ളതിനാൽ ജെ.പി.സി വേണ്ടെന്നും പറഞ്ഞു.
ഇത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയും ബി.ജെ.പിക്ക് പിടിവള്ളിയാവുകയും ചെയ്തു. വിമർശിക്കുമ്പോൾ അദാനി രാജ്യത്തെ ഊർജ മേഖലക്കും അംബാനി പെട്രോൾ കെമിക്കൽ മേഖലക്കും നൽകുന്ന സംഭാവനകൾ മറക്കരുതെന്ന് പവാർ ഓർമപ്പെടുത്തി. പവാർ മാത്രമല്ല, കുടുംബത്തിൽ നിന്നുള്ള എൻ.സി.പി നേതാക്കളായ മകൾ സുപ്രിയ സുലെ, സഹോദര പുത്രൻ അജിത് പവാർ, സഹോദരന്റെ പേരമകൻ രോഹിത് പവാർ എന്നിവരും വ്യവസായികളെ വിമർശിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.