ഐ.ഐ.ടി വിദ്യാർഥി ഫൈസാൻ അഹമ്മദിന്‍റെ മരണം; മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് കൽക്കട്ട ഹൈകോടതി
text_fieldsകൊൽക്കത്ത: കഴിഞ്ഞ വർഷം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐ.ഐ.ടി-ഖരഗ്പൂർ വിദ്യാർഥി ഫൈസാൻ അഹമ്മദിന്‍റെ (23) മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കൽക്കട്ട ഹൈകോടതി.
സത്യത്തിലേക്കെത്താൻ രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്തേണ്ടത് അനിവാര്യമാണെന്ന് ഹൈകോടി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥർ അസം പൊലീസുമായി സഹകരിച്ച് മൃതദേഹം കൊൽക്കത്തയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
ഫൈസാൻ അഹമ്മദിന്‍റെ മൃതദേഹം അസമിൽ മുസ്ലീം ആചാര പ്രകാരമാണ് സംസ്കരിച്ചത്. മൃതദേഹം പുറത്തെടുക്കാൻ വിദ്യാർഥിയുടെ കുടുംബം സമ്മതം അറിയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനുള്ളിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് മൂന്നാം വർഷ വിദ്യാർഥിയായ ഫൈസാൻ അഹമ്മദിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കോളേജ് അധികൃതർ അറിയിച്ചെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മകന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.