നെഞ്ചോളം വെള്ളത്തിൽ മോദി, പാലമായി കൈകൾ; യുക്രെയ്നിൽ നിന്ന് വിദ്യാർഥികളെ രക്ഷിച്ചത് ഈ പ്രതീക്ഷയുടെ പാലമെന്ന് പിയൂഷ് ഗോയൽ
text_fieldsന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് പ്രതിരോധത്തിലായ കേന്ദ്രസർക്കാറിനെ പുകഴ്ത്തി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. യുദ്ധം ശക്തി പ്രാപിക്കുന്നതിനിടെ കടുത്ത പ്രതിസന്ധികൾ തരണം ചെയ്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് കാർട്ടൂൺ പങ്കുവെച്ച് മന്ത്രി പറയുന്നു.
നെഞ്ചറ്റം വെള്ളമുള്ള നദിയിൽ നിൽക്കുന്ന പ്രധാനമന്ത്രി തന്‍റെ രണ്ട് കൈകളും ഇരു കരകളിലേക്കായി നീട്ടി പിടിച്ച് ഒരു പാലം കണക്കെ നിൽക്കുന്ന രീതിയിലാണ് ചിത്രീകരണം. നദിയുടെ ഒരു കര യുക്രെയ്നും മറുകരയിൽ വിവിധ രാജ്യങ്ങളുമാണ്. ഇന്ത്യയിലെ വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ നീട്ടി പിടിച്ച കൈകൾക്ക് മുകളിലൂടെ യുക്രെയ്നിൽ നിന്നും ഇന്ത്യയിലേക്ക് കടക്കുന്നു. എന്നാൽ, മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികൾ സഹായത്തിനായി അവരുടെ രാജ്യത്തോട് അപേക്ഷിക്കുന്നതും കാണാം. പാകിസ്താൻ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവരുടെ നേതാക്കാൻമാർ ഒന്നും ചെയ്യാതെ മതിലുകൾക്കിടയിലൂടെ എത്തി നോക്കുന്ന വിധമാണ് ചിത്രീകരണം.
മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ 'കൂ'യിലാണ് പിയൂഷ് ഗോയൽ ചിത്രം പോസ്റ്റ് ചെയ്തത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രതീക്ഷകളുടെ പാലം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ഏകദേശം 18,000 ഇന്ത്യൻ വിദ്യാർഥികളാണ് യുക്രെയ്നിൽ ഉണ്ടായിരുന്നത്. വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർഥി യുക്രെയ്നിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.