രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; മൂന്നുലക്ഷത്തിനടുത്ത് കോവിഡ് ബാധിതർ, 2,023 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നതോടെ മൂന്നുലക്ഷത്തിനടുത്ത് പുതിയ കോവിഡ് ബാധിതർ. 24 മണിക്കൂറിനിടെ 2,95,041 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം 2023 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ഏഴാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടക്കുന്നത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,57,538 ആയി.
1,67,457പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,76,039 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,82,553 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതൽ രോഗികൾ യു.എസിലാണ്. 3,25,36,470 പേർക്കാണ് ഇതുവരെ യു.എസിൽ കോവിഡ് ബാധിച്ചത്. ഇന്ത്യയിൽ 1,56,16,130 പേർക്കും.
13,01,19,310 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി വലുതാണ്.പക്ഷെ നമ്മൾ മറികടക്കും. കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടത്തിലാണ്.
നിലവിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം ഉണ്ട്. അതെ സമയം ഒാക്സിജന്റെ ആവശ്യകത വർദ്ധിച്ചു. അത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓക്സിജന്റെയും മരുന്നിൻെയും വിതരണം വർദ്ധിപ്പിക്കാൻ സർക്കാറും സ്വകാര്യമേഖലയിലുള്ളവരും സംസ്ഥാനങ്ങളും ഒരുമിച്ചുള്ള പ്രവർത്തനത്തിലാണെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.