കോവിഡ് കാലത്ത് ഇന്ത്യക്കാർ മതസംഘടകൾക്ക് നൽകിയത് 16,600 കോടി; മതസ്വാധീനം ദാനധർമ്മങ്ങൾക്ക് പ്രേരകം -റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യക്കാർ ദാനധർമങ്ങളായി മതസംഘടനകൾക്ക് നൽകിയത് 16,600 കോടിയെന്ന് റിപ്പോർട്ട്. 2020 ഒക്‌ടോബറിനും 2021 സെപ്‌റ്റംബറിനുമിടയിൽ നടത്തിയ പഠനമാണ് പുറത്തുവന്നത്. ഇന്ത്യക്കാർ സംഭാവനകൾ നൽകുന്നതിനുള്ള ഏറ്റവും വലിയ പ്രേരകശക്തി മതവിശ്വാസമാണെന്നും പഠനം വെളിപ്പെടുത്തുന്നു. അശോക സർവ്വകലാശാലയിലെ സെന്റർ ഫോർ സോഷ്യൽ ഇംപാക്ട് ആൻഡ് ഫിലാന്ത്രപ്പിയുടെ 2020-21 റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. റിപ്പോർട്ട് സെപ്തംബർ 19ന് പുറത്തിറങ്ങി. ഇന്ത്യക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്ന, ഔപചാരികവും അനൗപചാരികവുമായ വഴികൾ മനസ്സിലാക്കുന്നതിനാണ് പഠനം നടത്തിയത്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് രാജ്യം സാക്ഷ്യം വഹിച്ച കാലഘട്ടത്തിലാണ് സർവേ നടന്നത്. ഈ കാലയളവിൽ ഇന്ത്യൻ കുടുംബങ്ങൾ ഏറ്റവും കുറഞ്ഞ തുകയാണ് 'മതേതര സംഘടനകൾക്ക്' നൽകിയത്. എൻ.ജി.ഒകൾ, ട്രസ്റ്റുകൾ, സ്‌കൂളുകൾ, പിഎം-കെയേഴ്‌സ്, മുൻനിര സാമൂഹ്യ പ്രവർത്തകർ, ആരോഗ്യ, ശുചിത്വ പ്രവർത്തകർ തുടങ്ങിയവർ മതേതര കൂട്ടായ്മയിൽ ഉൾപ്പെടുന്നു. പഠനമനുസരിച്ച് 1100 കോടി രൂപ മാത്രമാണ് ഇന്ത്യക്കാർ ഇത്തരം ഏജൻസികൾക്ക് നൽകിയിട്ടുള്ളത്. മതസംഘടനകൾക്ക് പുറമെ, സംഭാവന സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും ഭിക്ഷാടകരാണെന്നും പഠനം പറയുന്നു.
ഇന്ത്യൻ കുടുംബങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മതത്തിന്റെ ശക്തമായ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ സ്വാതി ശ്രേഷ്ഠ് പറയുന്നത്. സർവ്വേ മുൻനിർത്തി 'മതവിശ്വാസങ്ങളെ' കുറിച്ചുള്ള ധാരണ വിപുലീകരിക്കുന്നതാണ് നല്ലതെന്നും സ്വാതി 'ദി വയറി'നോട് പറഞ്ഞു.
ആറ് മാസത്തിനിടെ രണ്ട് ഘട്ടങ്ങളിലായി 18 സംസ്ഥാനങ്ങളിലും 81,000 വീടുകളിലുമാണ് സർവ്വേ നടത്തിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലും സർവേ സംഘം സഞ്ചരിച്ചു. ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള പകർച്ചവ്യാധിയുടെ ഒന്നാം ഘട്ടത്തിലും 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാംഘട്ടത്തിലുമാണ് സർവ്വേ നടന്നത്. കുടുംബങ്ങളെ അഞ്ച് കാറ്റഗറികളായി തിരിച്ചിരുന്നു. കോവിഡ് മൂലം ഇന്ത്യ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി നേരിടുന്ന നിർണായക സമയത്താണ് പഠനം നടന്നത്. പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും രാജ്യത്തുടനീളം അന്ന് കാര്യമായ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പഠനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് കോവിഡ് രണ്ടാം തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അന്ന് 24 മണിക്കൂറിൽ മരണസംഖ്യ 2,000 കവിഞ്ഞിരുന്നു. 2021 ഓഗസ്റ്റിൽ ഡൽഹി സർക്കാർ നടത്തിയ പഠനത്തിൽ പകർച്ചവ്യാധി സമയത്തുണ്ടായ തൊഴിൽ നഷ്ടം പലരെയും ഭിക്ഷാടനത്തിലേക്ക് നയിച്ചതായി കണ്ടെത്തിയിരുന്നു. പാൻഡെമിക് സമയത്ത് പലർക്കും നഷ്ടപ്പെട്ട ജോലിക്കുപകരം മറ്റൊന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടാതെ ധാരാളം കുടുംബങ്ങൾ ഭക്ഷണം പോലും ലഭിക്കാൻ കഴിയാതെ പാടുപെട്ടിരുന്നു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 2021 ഫെബ്രുവരി വരെ 2,000 കോടി രൂപയിലധികം സംഭാവന സ്വീകരിച്ചതും ഇക്കാലയളവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.