ലഖിംപുരിൽ വനഭൂമിയിൽനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചുതുടങ്ങി
text_fieldsലഖിംപുർ (അസം): അസമിലെ ലഖിംപുർ ജില്ലയിൽ 450 ഹെക്ടർ വനഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാർ എന്നാരോപിച്ചാണ് സർക്കാർ ഇവരെ നീക്കം ചെയ്യുന്നത്. 2,560.25 ഹെക്ടർ നിക്ഷിപ്ത വനത്തിൽ 29 ഹെക്ടർ ഒഴികെ എല്ലാം കൈയേറിയതായി അധികൃതർ പറഞ്ഞു. പാവോ റിസർവ് വനത്തിനു കീഴിലുള്ള ഭൂമി ഒഴിപ്പിക്കാനുള്ള നീക്കം 500ലധികം കുടുംബങ്ങളെ ദുരിതത്തിലാക്കും.
ആദ്യ ദിനം 200 ഹെക്ടർ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാനായി 60ലധികം എക്സ്കവേറ്ററുകളും ട്രാക്ടറുകളും 600 സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ലഖിംപുർ അഡീഷനൽ പൊലീസ് സൂപ്രണ്ട് റൂണ നിയോഗ് പറഞ്ഞു. പ്രദേശവാസികളിൽനിന്ന് ഒരു പ്രതിരോധവും നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൊഗുലി വില്ലേജിൽ 200 ഹെക്ടർ ഭൂമിയിൽനിന്ന് 299 കുടുംബങ്ങളാണ് ഇന്നലെ ഒഴിപ്പിച്ചത്.
അദസോന വില്ലേജിലെ 250 ഹെക്ടർ ഭൂമിയിലെ ഇരുന്നൂറോളം കുടുംബങ്ങളെയും ഒഴിപ്പിക്കുന്നുണ്ട്. പലതവണ അറിയിപ്പ് നൽകിയിരുന്നതിനാൽ മിക്കവാറും എല്ലാ കുടുംബങ്ങളും വീടൊഴിഞ്ഞതായും അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ബംഗാളി മുസ്ലിംകളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം കുടിയിറക്കപ്പെട്ടവരും ‘അനധികൃത കുടിയേറ്റക്കാരിൽ’ ഉൾപ്പെടും. തങ്ങൾക്ക് നേരത്തേ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ നൽകിയിരുന്നതായും അവ നിലവിലെ ബി.ജെ.പി സർക്കാർ നിരസിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
വനത്തിന്റെ അതിർത്തി നിർണയിക്കുന്ന ജണ്ടകൾ 2017 മുതൽ പലതവണ മാറിയിട്ടുണ്ടെന്നും തങ്ങളെ കുടിയിറക്കുന്നതിനായുള്ള ഏകപക്ഷീയ നടപടികളായിരുന്നു അവയെന്നും ഗ്രാമവാസികൾ ആരോപിച്ചു.
2021 മേയിൽ അധികാരത്തിലേറിയ ഹിമാന്ത ബിശ്വ ശർമ സർക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈയേറ്റം ഒഴിപ്പിക്കൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.