ബി.ജെ.പിക്കാരെ വെറുക്കരുത്; അവർ നമ്മുടെ സഹോദരങ്ങൾ -എ.എ.പി പ്രവർത്തകർക്ക് ജയിലിൽ നിന്ന് കെജ്രിവാളിന്റെ സന്ദേശം
text_fieldsന്യൂഡൽഹി: ബി.ജെ.പിയിലുള്ളവരെ വെറുക്കരുതെന്നും അവർ നമ്മുടെ സഹോദരങ്ങളാണെന്നും മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇ.ഡി കസ്റ്റഡിയിൽ കഴിയുന്ന കെജ്‍രിവാളിന്റെ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യ സുനിതയാണ് വാർത്ത സമ്മേളനത്തിൽ വായിച്ചത്.
എല്ലാവരും സമൂഹത്തിന്റെ നൻമക്കായി പ്രവർത്തിക്കുന്നത് തുടരണമെന്നും ആരെയും വെറുക്കരുതെന്നുമാണ് കെജ്രിവാളിന്റെ സന്ദേശം. ഇ.ഡിയെ രാഷ്ട്രീയായുധമാക്കി വേട്ടയാടുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ബി.ജെ.പി പ്രവർത്തകരെ സഹോദരങ്ങളെന്ന് വിശേഷിപ്പിച്ചുള്ള കെജ്‍രിവാളിന്റെ സന്ദേശം.
''ബി.ജെ.പിയിലുള്ളവരെ നിങ്ങൾ വെറുക്കരുത്. അവർ നിങ്ങളുടെ സഹോദരീ സഹോദരൻമാരാണ്.''-എന്നാണ് സുനിത വായിച്ച സന്ദേശത്തിലുള്ളത്. ''നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ഇന്ത്യക്കകത്തും പുറത്തും നിരവധി ശക്തികളുണ്ടാകും. അവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതിൽ ജാഗ്രത വേണം. കെജ്രിവാൾ അഴികൾക്കുള്ളിലാണല്ലോ ഇനിയാരാണ് അവർക്ക് 1000 രൂപ നൽകുക എന്നായിരിക്കും ഡൽഹിയിലെ സ്ത്രീകൾ ഇപ്പോൾ ചിന്തിക്കുന്നത്. അവരുടെ മകനും സഹോദരനുമായ എന്നെ വിശ്വസിക്കണമെന്നാണ് പറയാനുള്ളത്. ഒരുപാട് കാലം എന്നെ കഴികൾക്കുള്ളിൽ പാർപ്പിക്കാൻ കഴിയില്ല. ഞാനുടൻ പുറത്തുവരും. എന്റെ വാഗ്ദാനങ്ങൾ പാലിക്കും.-കെജ്രിവാൾ ഉറപ്പുനൽകി.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 28 വരെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.