പൊലീസ് ലാത്തി ചാർജിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
text_fieldsറാംനഗർ ഗഡായി (മധ്യപ്രദേശ്): ദലിത് കർഷക കുടുംബത്തിലെ പത്ത് മാസം പ്രായമായ കുഞ്ഞിനെ പൊലീസ് ലാത്തി കൊണ്ടടിച്ച് കൊലപ്പെടുത്തിയതായി കുടുംബം. മധ്യപ്രദേശ് നർവാർ തെഹ്‌സിലിലെ വിദൂര ഗ്രാമമായ രാംനഗർ ഗഡായിയിലാണ് സംഭവം.
ഗ്രാമത്തിലെ മലിനജലം ഒഴുക്കി വിടാൻ കാനകൾ നിർമിക്കുന്നതിന്‍റെ ഭാഗമായി നടന്ന തർക്കങ്ങളാണ് പൊലീസ് ഇടപെടലിലും കുഞ്ഞിന്‍റെ മരണത്തിനും കാരണമായത്. ശിവപുരി ജില്ലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഗ്രാമം. പുതിയ കാന പണിതിരിക്കുന്നത് തങ്ങളുടെ കൃഷിയിടത്തിലേക്ക് മലിന ജലം ഒഴുകിയെത്തുന്ന തരത്തിലാണെന്ന് ആരോപിച്ച് കുടുംബത്തിലെ അശോക് എന്നയാൾ പരാതിപ്പെട്ടിരുന്നു.
ഇതാണ് സംഭവത്തിന്‍റെ തുടക്കം. ഗ്രാമത്തിലെ പ്രധാന പാതയോരത്താണ് ജാതവരായ ഇവരുടെ വീട്. അശോകിന് മൂന്ന് സഹോദരങ്ങളാണ്. ദയാറാം ജാതവ്, കല്ലറം ജാതവ്, ഹരുറാം ജാതവ് എന്നിവർ അടുത്തടുത്തുള്ള ചെറിയ വീടുകളിലാണ് താമസിക്കുന്നത്. മൂന്ന് തലമുറകളിലായി കുടുംബത്തിൽ ആകെ 45 അംഗങ്ങളുണ്ട്. എല്ലാവരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. 100 മീറ്റർ അകലെയാണ് ഇവരുടെ കൃഷിയിടങ്ങൾ. ജാതവ് കുടുംബവും പൊലീസും തമ്മിലുള്ള സംഘർഷം നവംബർ ആദ്യ ആഴ്ച മൂർച്ഛിച്ചിരുന്നു.
കാന നിർമാണം തടഞ്ഞതിന് പൊലീസ് എത്തി ഇവരെ ലാത്തിച്ചാർജ് നടത്തി തുരത്താൻ ശ്രമിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ 10 മാസം പ്രായമുള്ള ശിവ എന്ന കുഞ്ഞിനും ലാത്തിയടിയേറ്റതായും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ ഒരുപാട് അനീതി നേരിട്ടിട്ടുണ്ട്.
ഞങ്ങളെ സഹായിക്കാൻ ആരുമില്ല -ശിവയുടെ മുത്തച്ഛൻ 70കാരനായ ദയാറാം ജാതവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ കൃഷിയിടത്തിന് തൊട്ടുമുമ്പ് ഒരു കലുങ്ക് നിർമ്മിച്ചിട്ടുണ്ട്. അത് ഗ്രാമത്തിൽ നിന്ന് ഞങ്ങളുടെ ഭൂമിയിലേക്ക് വെള്ളത്തെ തിരിച്ചുവിടും -ശിവയുടെ അച്ഛൻ അശോക് പറയുന്നു. ഇത് യഥാർത്ഥ നിർമ്മാണ പദ്ധതിയിൽ ഇല്ലായിരുന്നു. അധികൃതർ അംഗീകരിച്ച ഡ്രോയിംഗിൽ ഇത്തരമൊരു കലുങ്ക് ഇല്ലെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റോഡ് നിർമാണത്തിന്‍റെ ചുമതലയുള്ള കരാറുകാരനും ഞങ്ങളെ അറിയിച്ചിരുന്നു.
കുറച്ച് ഗ്രാമവാസികൾ ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നിർമ്മിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായിരുന്നു. ഇത് തങ്ങളെ ബാധിക്കില്ലെന്ന് കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതിനാൽ രേഖാമൂലം പരാതി നൽകിയില്ലെന്നും അശോക് പറഞ്ഞു. കരാറുകാരനുമായുള്ള സന്ധി സംഭാഷണത്തിൽ ഞങ്ങളുടെ ഭൂമിക്ക് ദോഷം വരാതിരിക്കാൻ ഒരു പരിഹാരം കാണാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കൃഷിയിടം അഴുക്കുചാലായി മാറും. അതിനാലാണ് മാറ്റംആവശ്യപ്പെട്ടത്. ജാതവ് കുടുംബവുമായി ദീർഘകാലമായി ശത്രുത പുലർത്തിയിരുന്ന അയൽവാസിയായ മൽഖൻ നായികിന്‍റെ അഭ്യർത്ഥന പ്രകാരമാണ് കലുങ്ക് നിർമ്മിക്കുന്നതെന്ന് കരാറുകാരൻ തന്നോട് പറഞ്ഞതായി അശോക് പറയുന്നു.
ഞങ്ങൾ കരാറുകാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, മൽഖനും ബന്ധുക്കളും ലാത്തികളും വടികളുമായി സ്ഥലത്തെത്തി അസഭ്യം പറയാൻ തുടങ്ങി. തരിശുകിടക്കുന്ന സർക്കാർ ഭൂമിക്ക് മുന്നിൽ അൽപം മാറി കലുങ്ക് നിർമ്മിക്കാൻ ഞങ്ങൾ നിർദ്ദേശിച്ചു. അങ്ങനെയെങ്കിൽ അത് ആർക്കും പ്രശ്‌നമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കലുങ്ക് പണിയുന്നതിനുപകരം, റോഡിന്‍റെ ഇരുവശത്തും ഒരു അഴുക്കുചാല് കുഴിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു, അങ്ങനെ അഴുക്കുവെള്ളം നമ്മുടെ ഭൂമിയിലേക്ക് ഒഴുകുന്നില്ല. എന്നാൽ രേഖാമൂലം പരാതി നൽകാൻ അവർ എന്നോട് പറഞ്ഞു -അശോക് കൂട്ടിച്ചേർത്തു.
പരാതി എഴുതുന്നതിനിടെ മൂന്ന് പൊലീസ് വാഹനങ്ങൾ എത്തിയെന്നും ഉടൻ തന്നെ ഭൂമി കുഴിക്കുന്നതിന് അധികൃതർ ഉത്തരവിട്ടതായും അശോക് പറയുന്നു. ബഹളം കേട്ട് സമീപത്തെ വയലിൽ നെല്ല് കൊയ്യുകയായിരുന്ന അശോകിന്‍റെ കുടുംബത്തിലെ സ്ത്രീകൾ - അശോകിന്‍റെ ഭാര്യ ഉൾപ്പെടെ സ്ഥലത്ത് എത്തി. ഡ്രോയിംഗിൽ കലുങ്ക് അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ ഞാൻ ഒരിക്കൽ കൂടി തഹസിൽദാരോട് അഭ്യർത്ഥിച്ചു. എന്നാൽ അവർ അത് അവഗണിച്ച് നിർമ്മാണം തുടരാൻ ഉത്തരവിട്ടു. ഞങ്ങൾക്കൊപ്പം സ്ത്രീ കുടുംബാംഗങ്ങളും നിർമ്മാണത്തെ എതിർത്തു തുടങ്ങി. തഹസിൽദാർ അവരുടെ കാറിനടുത്തേക്ക് പോയി.
തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. കുഞ്ഞിന്‍റെ അമ്മയായ അശോകിന്‍റെ ഭാര്യ വന്ദന കടുത്ത രോഗ ബാധിതയാണ്. കുഞ്ഞുമായി വയലിൽ നിൽക്കുകയായിരുന്ന താൻ ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് തല്ലുന്നത് കണ്ടാണ് സംഭവ സ്ഥലത്തേക്ക് എത്തിയതെന്ന് വന്ദന പറയുന്നു. അവർ എന്‍റെ കാൽ അടിച്ചൊടിച്ചു. എന്‍റെ കുഞ്ഞിനെ തലങ്ങളും വിലങ്ങൂം അടിച്ചു. ഞാൻ ബോധംകെട്ടു വീണപ്പോൾ ഭർത്താവ് എന്‍റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി. എനിക്ക് ബോധം വന്നപ്പോൾ, 'കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകൂ എന്ന നിലവിളികളാണ് കേട്ടത് -വന്ദന പറയുന്നു. കുഞ്ഞ് ചോരവാർന്നാണ് മരിച്ചത്. ഉടൻ തഹസിൽദാറുടെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാൽ കുഞ്ഞിന്‍റെ മരണത്തെക്കുറിച്ച് വിചിത്രമായ വിവരങ്ങളാണ് പൊലീസ് പറയുന്നത്. കുഞ്ഞ് ഗുരുതര ഹൃദയ രോഗത്തിന്‍റെ അടിമയായിരുന്നെന്നും കുഞ്ഞിന്‍റെ മൃതദേഹം വെച്ച് വിലപേശാനാണ് കുടുംബം ശ്രമിക്കുന്നതെന്നും പൊലീസ് പറയുന്നു. മറ്റുള്ളവർക്കെതിലെ എസ്.സി-എസ്.ടി നിയമ പ്രകാരം കേസുകൾ കൊടുത്തിട്ട് വൻ തുക ഒത്തു തീർപ്പിനായി കൈപ്പറ്റുന്നത് കുടുംബത്തിന്‍റെ സ്ഥിരം പരിപാടിയാണെന്നും പൊലീസ് പറഞ്ഞു. പൊലീസിനെതിരെ ആരോപണം ഉന്നയിക്കാൻ കുഞ്ഞിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയതായും പൊലീസ് ഗുരുതര ആരോപണം ഉന്നയിക്കുന്നു. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.