55 യാത്രക്കാരെ റൺവേയിൽ മറന്നുവെച്ച് വിമാനം പറന്നു, ഗോ ഫസ്റ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.സി.എ
text_fieldsവിമാനത്താവളത്തിലെ റൺവേയിൽ വിമാനത്തിൽ കയറാനായി ബസിൽ കാത്തിരുന്ന 50 ഓളം യാത്രക്കാരെ മറന്ന് വിമാനം പറന്നു. ഗോ ഫസ്റ്റ് വിമാനമാണ് യാത്രക്കാരെ ബസിൽ മറന്നുവെച്ച് യാത്ര പുറപ്പെട്ടത്. ബെംഗളൂരുവിലാണ് സംഭവം. വിഷയത്തിൽ ഏവിയേഷൻ റെഗുേലറ്റർ ഡി.ജി.സി.എ വിമാനക്കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി യാത്രക്കാർ എയർലൈനിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. അതിഭീകരമായ അനുഭവമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭൂരിഭാഗം ട്വീറ്റും. തുടർന്നാണ് വിഷയത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് തേടിയത്.
തിങ്കളാഴ്ച രാവിലെ 6.30ന് ബെംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനമാണ് യാത്രക്കാരെ റൺവേയിൽ മറന്നുവെച്ചത്.
വിമാനത്തിലേക്ക് നാല് ബസുകളിലായാണ് യാത്രക്കാരെ എത്തിച്ചിരുന്നത്. 55 ഓളം യാത്രക്കാരെ ഒരു ബസിൽ തന്നെ കാത്തു നിർത്തിക്കൊണ്ട് അവരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.
രോഷാകുലരായ ആളുകൾ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ് ചെയ്തത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയിട്ടുണ്ട്.
പരാതി ഉയർന്നതിനെ തുടർന്ന് നാലു മണിക്കൂറിനു ശേഷം രാവിലെ 10 ഓടെ ആളുകളെ മറെറാരു വിമാനത്തിൽ കയറ്റി ഡൽഹിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വിമാനക്കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.