എൻ.സി.പിയിൽ ശരദ് പവാറും അജിത് പവാറും വെവ്വേറെ യോഗം വിളിച്ചു; യോഗം ഇന്ന് മുംബൈയിൽ
text_fieldsന്യൂഡൽഹി: ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ എൻ.സി.പി ഉന്നതതലയോഗം ഇന്ന് നടക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസും ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗവും പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. അജിത് പവാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്ന മുഖപ്രസംഗം എഴുതിയത്.
എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറും പാർട്ടിയെ പിളർത്തി ബി.ജെ.പി-ശിവസേന സർക്കാരിൽ ചേർന്ന അജിത് പവാറും വെവ്വേറെയായാണ് മുംബൈയിൽ യോഗം വിളിച്ചിരിക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശരദ് പവാർ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കാരെയെയും എൻ.സി.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഉടൻ തന്നെ ജയന്ത് പാട്ടീലിന് പകരം സുനിൽ തത്കാരെയെ എൻ.സി.പി പ്രസിഡന്റായി നിയമിച്ചുവെന്ന് അജിത് പവാർ ക്യാമ്പ് പ്രഖ്യാപിച്ചു.
രാജ്ഭവനിൽ ഞായറാഴ്ച നടന്ന എൻ.സി.പി മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങങിൽ പങ്കെടുത്തതിന് നരേന്ദ്ര റാഥോഡ്, വിജയ് ദേശ്മുഖ്, ശിവാജി റാവു ഗാർജെ എന്നിവരെയും എൻ.സി.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനു പിന്നാലെ അജിത് പവാറിനെ ഗ്രൂപ്പ് നേതാവായി തെരഞ്ഞെടുത്തുവെന്നും പ്രഫുൽ പട്ടേൽ അറിയിച്ചു. സെക്രട്ടേറിയറ്റിന് സമീപമുള്ള പുതിയ ഓഫിസ് കേന്ദ്രീകരിച്ചാണ് അജിത് പവാർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ. തങ്ങൾ പാർട്ടിയിൽ തന്നെയുണ്ടെന്നും പുറത്തുപോയിട്ടില്ലെന്നുമാണ് അജിത് പവാറും അനുയായികളും പറയുന്നത്.
അതിനിടെ, അജിത് പവാറിനെയും എട്ട് വിശ്വസ്തരെയും അയോഗ്യരാക്കണമെന്ന് കാണിച്ച് ശരദ് പവാർ വിഭാഗം മഹാരാഷ്ട്ര നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. 1999ൽ എൻ.സി.പി സ്ഥാപിച്ച ശരദ്പവാർ തന്നെ പാർട്ടി തലവനായി തുടരുമെന്നും നേതൃമാറ്റമില്ലെന്നും കാണിച്ച് ശരദ് പവാർ വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകിയിട്ടുണ്ട്. പാർട്ടി വിടാത്തിടത്തോളം തങ്ങൾക്കെതിരായ നോട്ടീസുകൾക്ക് ഒരു മൂല്യവുമില്ലെന്ന് അജിത് പവാർ തിരിച്ചടിച്ചു. എൻ.സി.പിയിലെ വിമതസംഘം ജയന്ത് പാട്ടീലിനും ജിതേന്ദ്ര ഔഹാദിനുമെതിരെയും അയോഗ്യത ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.