രാഷ്ട്രീയ പാര്‍ട്ടികളെ പോഷ് നിയമ പരിധിയില്‍ കൊണ്ടുവരണം; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: പോഷ് നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടു വരണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉന്നയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് നിയമ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെയും കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി ഹരജിക്കാർക്ക് നിർദേശം നൽകിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
രാഷ്ട്രീയ പാർട്ടികളിൽ പോഷ് നിയമം നടപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം.ജി യോഗമായയാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും ഒന്‍പത് ദേശീയ പാര്‍ട്ടികളെയും ഹരജിയില്‍ എതിര്‍കക്ഷികളാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
പോഷ് നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരില്ലെന്ന് കേരള ഹൈകോടതി നേരത്തെ വിധി പ്രസ്താവിച്ചിട്ടുണ്ട്. ആ വിധി ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പോഷ് നിയമം ജോലി ചെയ്യുന്ന എല്ലാ മേഖലയിലെ പ്രശ്‌നബാധിതരായ സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായി ഹരജിക്കാരിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെങ്കില്‍ ഹരജിയുമായി സമീപിച്ചാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. നിര്‍ദേശം ഹരജിക്കാരി അംഗീകരിച്ചതോടെ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.