മോദിയുടെ വാരണാസിയിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി; പത്ത് വർഷത്തിന് ശേഷം രണ്ട് സീറ്റ് നഷ്ടം
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി. കാവിക്കോട്ടയിൽ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. പത്ത് വർഷത്തിന് ശേഷമാണ് ബി.ജെ.പി ഇവിടെ പരാജയം അറിയുന്നത്. രണ്ടിടത്തും എസ്.പി സ്ഥാനാർഥികളാണ് വിജയിച്ചത്.
നിയമസഭ കൗൺസിലിലേക്ക് വാരണാസി ഡിവിഷനിൽ നിന്ന് അധ്യാപകർ, ബിരുദധാരികൾ എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിലാണ് ബി.ജെ.പിക്ക് തോൽവി. ഗ്രാജ്വേറ്റ് സീറ്റിൽ അശുതോഷ് സിൻഹ വിജയിച്ചപ്പോൾ ടീച്ചേഴ്സ് സീറ്റിൽ ലാൽ ബിഹാരി യാദവ് വിജയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 11 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. ഫലം വന്ന ഒമ്പത് സീറ്റുകളിൽ ബി.ജെ.പി നാലും എസ്.പി മൂന്നും സ്വതന്ത്രർ രണ്ടും ഇടത്ത് വിജയം നേടി. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ നേടിയ വിജയം എസ്.പിക്കും അപ്രതീക്ഷിതമാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് ജോഷി കോണ്‍ഗ്രസിന്‍റെ അഭിജിത് വന്‍ജാരിയോടാണ് പരാജയമറിഞ്ഞത്. 58 വര്‍ഷത്തെ തുടര്‍വിജയത്തിന് ശേഷമാണ് ബി.ജെ.പി നാഗ്പൂരില്‍ തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.