പഞ്ചാബിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ ചാണകം തള്ളി
text_fieldsചണ്ഡീഗഢ്: കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ സമരക്കാർ ട്രാക്ടറിൽ പശുവിന്‍റെ ചാണകം കൊണ്ടുവന്ന് തള്ളി. പഞ്ചാബിലെ ഹോഷിയാർപുരിലാണ് സംഭവം.
മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാൻ സുദിന്‍റെ വീട്ടിലാണ് ചാണകം തള്ളിയത്. ഇദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങളുമായി വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ചിലർ ചാണകം തള്ളിയത്.
തുടർന്ന് പ്രതിഷേധക്കാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെടലിനെ തുടർന്ന് അനിഷ്ട സംഭവങ്ങളുണ്ടായില്ല. തന്‍റെ വീട്ടിൽ ചാണകം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാൻ പിന്നീട് കുത്തിയിരുപ്പ് സമരം നടത്തി.
അതേസമയം, പ്രതിഷേധത്തിന്‍റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. 'ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേര് ഉണ്ടാക്കുകയും ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യും. മാതൃകാപരമായി സമാധാനത്തോടെ മാസങ്ങളോളം പഞ്ചാബിലും ഡൽഹിയുടെ അതിർത്തിയിലും സമരം നടക്കുകയാണ്. എന്നാൽ, ചില പ്രതിഷേധക്കാർക്ക് സംയമനം നഷ്ടപ്പെടുകയാണ്' - അമരീന്ദർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.