രാജസ്ഥാനിൽ ബി.ജെ.പി പരിവർത്തൻ സങ്കൽപ് യാത്ര തടഞ്ഞു
text_fieldsജയ്പൂർ: രാജസ്ഥാനിലെ ഗംഗാപൂരിൽ ബി.ജെ.പിയുടെ ‘പരിവർത്തൻ സങ്കൽപ് യാത്ര’ തടഞ്ഞു. മുൻകൂർ അനുമതി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് 200 നിയമസഭ മണ്ഡലങ്ങളിലൂടെയും നാല് പരിവർത്തൻ സങ്കൽപ് യാത്രകളാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. ഡംഗർപൂരിൽ അമിത് ഷാ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത രണ്ടാം സങ്കൽപ് യാത്രയാണ് നഗരത്തിൽ യാത്രക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞ് പൊലീസ് തടഞ്ഞത്. ഇതിന്റെ പേരിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
എന്നാൽ, ജില്ല അധികൃതർക്ക് രേഖാമൂലം അപേക്ഷ നൽകിയിരുന്നതായി ബി.ജെ.പി അധികൃതർ പറഞ്ഞു. നടപടിയിൽ പ്രതിഷേധിച്ച് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ അരുൺ ചതുർവേദി, സുഖ്ബീർ സിങ് എം.പി, ജിതേന്ദ്ര ഗോത്‍വാൽ എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിൽ ധർണ നടത്തി.
52 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന രണ്ടാം സങ്കൽപ് യാത്ര 19 ദിവസം നീളുന്നതാണ്. ആദ്യ യാത്ര ശനിയാഴ്ച ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയാണ് ഉദ്ഘാടനം ചെയ്തത്. മൂന്നാമത്തെ യാത്ര തിങ്കളാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നാലാമത്തേത് ചൊവ്വാഴ്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.