രാജസ്ഥാനിൽ ‘വനിത’യാണ് താരം
text_fieldsരാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ‘വനിത’യാണ് താരം. സ്ത്രീ വോട്ട് സ്വാധീനിക്കാൻ കോൺഗ്രസും ബി.ജെ.പിയും ആഞ്ഞുപിടിക്കുന്നു. ഈ മത്സരത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസും മുന്നിലെത്തിയെന്ന സംശയം കടുത്തപ്പോൾ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിത നേതാക്കളെ സംസ്ഥാനത്ത് പ്രചാരണത്തിന് കൂട്ടത്തോടെ ഇറക്കിയിരിക്കുകയാണ് ബി.ജെ.പി.
വോട്ടർമാരിൽ പകുതിയും സ്ത്രീകൾ. അവരെ കൈയിലെടുക്കാൻ നിരവധി ആനുകൂല്യങ്ങളാണ് ഗെഹ്ലോട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. വീണ്ടും അധികാരത്തിൽ വന്നാൽ സിലിണ്ടറൊന്നിന് 500 രൂപക്ക് പാചക വാതകം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. പ്രകടന പത്രികയിലെ ഏഴ് ഉറപ്പുകളിൽ മിക്കതും സ്ത്രീ വോട്ട് ലക്ഷ്യമാക്കിയാണ്.
ഇന്ദിര ഗാന്ധി സ്മാർട്ട് ഫോൺ പദ്ധതി, അന്നപൂർണ ഭക്ഷണ പാക്കറ്റ് സ്കീം, ബസുകളിൽ വനിതകൾക്ക് പകുതി നിരക്ക്, സൗജന്യ സാനിറ്ററി നാപ്കിൻ തുടങ്ങിയവയും കോൺഗ്രസ് നടപ്പാക്കിയതും നടപ്പാക്കാൻ ഒരുങ്ങുന്നതുമായ വാഗ്ദാനങ്ങളാണ്.
ഇതിലെ അപകടം മണത്താണ് ബി.ജെ.പി വനിത നേതാക്കളെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് പ്രചാരണത്തിന് എത്തിക്കുന്നത്. ഗെഹ്ലോട്ട് സർക്കാറല്ല, മോദിസർക്കാറാണ് വനിതക്ഷേമം നടപ്പാക്കുന്നതിൽ മുന്നിലെന്ന് കേന്ദ്ര പദ്ധതികൾ വിശദീകരിച്ച് സ്ഥാപിക്കുകയാണ് ഇവരുടെ ചുമതലകളിൽ ഒന്ന്.
രാജസ്ഥാനിൽ വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയം എന്നാണ് അടുത്ത പ്രചാരണം. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം പൊള്ളയാണ് എന്നും ബി.ജെ.പിയുടെ ഇതര സംസ്ഥാന വനിത നേതാക്കൾ ഉറക്കെയുറക്കെ വിളിച്ചു പറയുന്നു. ഗെഹ്ലോട്ട് ഭരിക്കുന്ന നാട്ടിൽ ബലാത്സംഗവും സ്ത്രീകളോടുള്ള അതിക്രമവും കൂടിയെന്ന് അവർ ആരോപിക്കുന്നു.
സംസ്ഥാന മഹിള മോർച്ച നേതാക്കൾക്കു പുറമെ ഗുജറാത്ത്, യു.പി, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. 25നാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ സംസ്ഥാനത്തെ പ്രമുഖ വനിത നേതാവും മുൻമുഖ്യമന്ത്രിയുമായ വസുന്ധര രാജെയെ വീണ്ടും മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിൽനിന്നു പക്ഷേ, ഒഴിഞ്ഞുമാറുകയാണ് വനിത പ്രചാരകർ. കേന്ദ്രനേതൃത്വവുമായി മാനസികമായി അകന്നുകഴിയുന്ന വസുന്ധരക്ക് പകരം, അവസരമൊത്താൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള പുറപ്പാടിലുമാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.