ആപ് സർക്കാറിന് മേൽ കൂടുതൽ നിയന്ത്രണം; ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ പാസാക്കി ലോക്സഭ
text_fieldsന്യൂഡൽഹി: ലഫ്. ഗവർണർക്ക് ഡൽഹി സർക്കാറിനേക്കാൾ കുടുതൽ അധികാരം നൽകുന്ന നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഈ ബിൽ രാജ്യസഭ കൂടി കടക്കുന്നതോടെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നയിക്കുന്ന സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണം വരും.
ഡൽഹി ദേശീയ തലസ്ഥാന പ്രദേശ നിയമഭേദഗതി ബില്ലാണ് ലോക്സഭ തിങ്കളാഴ്ച പാസാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിെൻറയും ലഫ്റ്റനൻറ് ഗവർണറുടെയും പ്രവർത്തന അധികാരത്തിന് വ്യക്തമായ നിർവചനം നൽകി സുപ്രീംകോടതി 2018ൽ പുറപ്പെടുവിച്ച വിധിക്ക് അനുസൃതമായ നിയമനിർമാണമാണിതെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ വിശദീകരിച്ചു. എന്നാൽ, ഡൽഹിയിലെ ജനങ്ങളെ അവമതിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ, തോറ്റവർ ലഫ്. ഗവർണറെ ഉപയോഗിച്ച് ഡൽഹി ഭരിക്കുന്ന സ്ഥിതിയാണ് ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിലെ 70ൽ 67 സീറ്റും പിടിച്ചാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ വീണ്ടും അധികാരത്തിൽ വന്നത്. ബി.ജെ.പിക്ക് കിട്ടിയത് മൂന്നു സീറ്റാണ്. സംസ്ഥാന സർക്കാറിെൻറ പ്രവർത്തന പദ്ധതികളെല്ലാം ലഫ്. ഗവർണർ മുഖേന കേന്ദ്രം അട്ടിമറിക്കുന്നുവെന്ന് കെജ്രിവാൾ നേരത്തെ പലവട്ടം കുറ്റപ്പെടുത്തിയിരുന്നു.
ഡൽഹി നിയമസഭ പാസാക്കുന്ന ഏതു നിയമത്തിലും പറയുന്ന 'സർക്കാർ' ലഫ്. ഗവർണറെയാണ് അർഥമാക്കുന്നതെന്ന് പുതിയ ബില്ലിൽ പറയുന്നു. ഭരണപരമായ ഏതു നടപടിക്കും മുമ്പ് സംസ്ഥാന സർക്കാർ ലഫ്. ഗവർണറുടെ അഭിപ്രായം തേടണം.
മന്ത്രിസഭ എടുക്കുന്ന ഏതു തീരുമാനവും ലഫ്. ഗവർണറെ അറിയിച്ചിരിക്കമെന്നാണ് 2018ലെ സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞത്. പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ ലഫ്. ഗവർണറുടെ അനുമതി ആവശ്യമില്ല. സംസ്ഥാന സർക്കാറിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ഗവർണർ ബാധ്യസ്ഥനാണ്, എന്നാൽ തീരുമാനമെടുക്കാനുള്ള സ്വതന്ത്ര അധികാര കേന്ദ്രമല്ല അതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാറും ലഫ്. ഗവർണറുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനും കോടതി നിർദേശിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.