‘കോടതി ഉത്തരവിനെ തോൽപിക്കാനാവില്ല’ -മഹാരാഷ്ട്ര സ്പീക്കറോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിനെ തോൽപിക്കാനാവില്ലെന്ന് ശിവസേന തർക്കത്തിൽ മഹാരാഷ്ട്ര നിയമസഭ സ്പീക്കറെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എൽ.എമാരെ അയോഗ്യരാക്കാൻ ഏക്നാഥ് ഷിൻഡെ, ഉദ്ധവ് താക്കറെ വിഭാഗങ്ങൾ സമർപ്പിച്ച പരാതികൾ തീർപ്പാക്കാതെ സ്പീക്കർ നീട്ടിക്കൊണ്ടുപോയതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എമാരുടെ അയോഗ്യത തീർപ്പാക്കുന്ന തരത്തിൽ പുതിയ സമയക്രമം അറിയിക്കാൻ ഉത്തരവിട്ട് കേസ് 17ലേക്ക് മാറ്റി. വളരെ ചുരുങ്ങിയ സമയംകൊണ്ട് തീർപ്പാക്കാവുന്ന ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാൻ ഒരു കൊല്ലം നീളുന്ന സമയക്രമം സ്പീക്കർ ഇപ്പോൾ നിശ്ചയിച്ചതാണ് സുപ്രീംകോടതിയുടെ രോഷത്തിനിടയാക്കിയത്. 2022 ജൂലൈ മുതൽ ഒരു നടപടിയും സ്പീക്കർ എടുത്തില്ലെന്നും കോടതി സമയക്രമം ആവശ്യപ്പെട്ടപ്പോഴാണ് ഈ പ്രവൃത്തിയെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.
സ്പീക്കറെ ആരെങ്കിലുമൊന്ന് ഉപദേശിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവിനെ തോൽപിക്കാൻ സ്പീക്കർക്കാവില്ല. കഴിഞ്ഞ തവണയെങ്കിലും അദ്ദേഹത്തിന് ബോധമുണ്ടാകുമെന്ന് കരുതി. അതു കൊണ്ടാണ് ഒരു സമയക്രമമുണ്ടാക്കാൻ പറഞ്ഞത്. അല്ലാതെ അനിശ്ചിതമായി വാദം കേൾക്കൽ നീട്ടിക്കൊണ്ടുപോകാനായിരുന്നില്ല. ആ നിലക്ക് ഉദ്ധവ് വിഭാഗത്തിന്റെ തോന്നൽ ശരിയാണ്. വിഷയം ഗൗരവത്തിലെടുത്തുവെന്ന തോന്നൽ സ്പീക്കറുണ്ടാക്കണം.
സ്പീക്കർക്ക് ട്രൈബ്യൂണലിന്റെ പദവി ഇക്കാര്യത്തിലുള്ളതിനാൽ സുപ്രീംകോടതി ഇടപെടരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇത് ഖണ്ഡിച്ച ചീഫ് ജസ്റ്റിസ് ട്രൈബ്യൂണലിന് നിർദേശം നൽകാൻ അധികാരമുണ്ടെന്ന് ഓർമിപ്പിച്ചു. പുതിയ സമയക്രമത്തിന് കോടതി ഉത്തരവിടരുതെന്ന് ഷിൻഡെ വിഭാഗത്തിന് വേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗി ആവശ്യപ്പെട്ടതും സുപ്രീംകോടതി ചോദ്യംചെയ്തു. സ്പീക്കർ ഒരു തീരുമാനമെടുക്കുന്നതിനെ താങ്കളുടെ പക്ഷം ഭയക്കുകയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.