നിർമലയെയും ജയ്ശങ്കറെയും തമിഴ്നാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ? -ബി.ജെ.പിയെ വെല്ലുവിളിച്ച് എ.ഐ.എ.ഡി.എം.കെ
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് സംബന്ധിച്ച തിരക്കുപിടിച്ച ചർച്ചകളിലാണ് ബി.ജെ.പിയും ഇൻഡ്യ സഖ്യവും. പലയിടത്തുനിന്നായി പലരുടെയും പേരുകൾ മത്സരിക്കുന്നതായി ഉയർന്നു കേൾക്കുന്നുണ്ട്. അതിനിടെ തമിഴ്വേരുകളുള്ള കേന്ദ്രധനമന്ത്രി നിർമല സീതാരാമനെയും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറെയും തമിഴ്നാട്ടിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ച് എ.ഐ.എ.ഡി.എം.കെ. സ്വന്തം നാട്ടിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് ഇരുവരും ഈ പദവികളിലിരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നുണ്ടോയെന്നും
എ.ഐ.എ.ഡി.എം.കെ നേതാവ് കെ.പി. മുനുസ്വാമി ചോദിച്ചു. കർണാടകയെയും ഗുജറാത്തിനെയും പ്രതിനിധീകരിച്ചാണ് നിർമലയും ജയ്ശങ്കറും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള 100 പേരുടെ സ്‍ഥാനാർഥി പട്ടിക ബി.ജെ.പി ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് എ.ഐ.എ.ഡി.എം.കെ തമിഴ്നാട്ടിൽ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചത്. ബി.ജെ.പിയുടെ സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ തമിഴ്നാട്ടിലെ ആദ്യ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ സി.എൻ. അണ്ണാദുരൈയെ സംബന്ധിച്ച് നടത്തിയ പരാമർശമായിരുന്നു തർക്കത്തിനാധാരം. വിവാദമായിട്ടും തന്റെ പരാമർശത്തിൽ മാപ്പുപറയാൻ അണ്ണാമലൈ തയാറായില്ല. എ.ഐ.എ.ഡി.എം.കെയുമായി പിരിഞ്ഞ ശേഷം തമിഴ്നാട്ടിൽ മറ്റൊരു പാർട്ടിയും ബി.ജെ.പിയുമായി സഖ്യത്തിന് വന്നിട്ടില്ല. സംസ്ഥാനത്ത് വെറും മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.