കൊടുമ്പിരികൊണ്ട് ദലിത് അയിത്തം: കുടിവെള്ളടാങ്കിൽ മനുഷ്യവിസർജ്യം, ചായക്കടയിൽ രണ്ട് തരം ഗ്ലാസ്
text_fieldsഹൈദരാബാദ്: അയിത്തോച്ചാടനത്തെ കുറിച്ച് പാഠപുസ്തകങ്ങളിൽ പഠിക്കുമെങ്കിലും ഇപ്പോഴും അയിത്തം അതിന്റെ അതിരൂക്ഷാവസ്ഥയിൽ അനുഭവിക്കുകയാണ് തമിഴ്നാട്ടിലെ പുതുക്കോൈട്ടയിലുള്ള ഐരായുർ ഗ്രാമത്തിലെ ദലിതർ. 100 വർഷങ്ങൾക്ക് മുമ്പ് തന്നെ ക്ഷേത്രപ്രവേശനമുൾപ്പെടെ അയിത്തോച്ചാടന പദ്ധതികൾ നടപ്പാക്കിയ രാമസാമി പെരിയാറുടെ നാട്ടിലാണ് സംഭവം.
പട്ടിക ജാതി വിഭാഗങ്ങൾക്കുളള വാട്ടർ ടാങ്കിൽ മനുഷ്യമലം നിക്ഷേപിച്ചാണ് അയിത്താചരണം അതിന്റെ അതി രൂക്ഷാവസ്ഥ പ്രകടിപ്പിച്ചത്. 100 കുടംബങ്ങളോളമുള്ള പ്രദേശത്തെ ദലിത് സമൂഹത്തിന് വെള്ളം വിതരണം ചെയ്യുന്ന 10,000 ലിറ്റർ വാട്ടർ ടാങ്കിലാണ് വൻ തോതിൽ മനുഷ്യ വിസർജ്യം കണ്ടെത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പുതുക്കോൈട്ട കലക്ടർ കവിതാ രാമുവും ജില്ലാ പൊലീസ് മേധാവി വന്ദിത പാണ്ഡെയും ഐരായുർ ഗ്രാമം സന്ദർശിച്ചു.
ഈയടുത്ത ദിവസങ്ങളിലായി പ്രദേശത്തെ കുട്ടികൾക്ക് വ്യാപകമായി അസുഖം ബാധിക്കുകയും ഡോക്ടർമാർ കുടിവെള്ളമാണ് പ്രശ്നത്തിനിടയാക്കുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്തെ ചെറുപ്പക്കാർ ടാങ്കിനു മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് വൻ തോതിൽ മനുഷ്യ വിസർജ്യം ടാങ്കിൽ നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. ടാങ്കിലെ അടിഭാഗത്തുള്ള വെള്ളം മുഴുവൻ മഞ്ഞ നിറത്തിലായി കഴിഞ്ഞിരുന്നു. ഒരാഴ്ചയിലും കൂടുതലായിക്കാണും മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടെന്നും അതറിയാതെ ആളുകൾ വെള്ളം കുടിക്കാനുൾപ്പെടെ ഉപയോഗിച്ചുവെന്നും ഗ്രാമവാസികൾ പറയുന്നു. കുട്ടികൾക്ക് അസുഖം വന്നതോടെയാണ് ഈ വിവിരം പുറത്തറിയുന്നത്.
ആരാണ് ഇത് ചെയ്തതെന്ന കാര്യം വ്യക്തമല്ല. പക്ഷേ, വാട്ടർ ടാങ്കിനു ചുറ്റുമുള്ള മുള്ളുവേലി കുറച്ചു ദിവസങ്ങളായി തുറന്നു കിടക്കുകയായിരുന്നു. ‘പ്രദേശത്തെ യുവാക്കൾ ടാങ്കിനു മുകളിൽ കയറിയപ്പോൾ ടാങ്കിന്റെ അടപ്പ് തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ടാങ്കിനു മുകളിൽ ആരെങ്കിലും കയറി മാലിന്യം നിക്ഷേപിക്കുന്നത് ആരും കണ്ടിട്ടില്ല. ’ -കലക്ടർ കവിതാ രാമു പറഞ്ഞു.
പ്രദേശത്ത് ജാതി അയിത്തം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്നു തലമുറകളായി ഗ്രാമത്തിലെ ക്ഷേത്രങ്ങളിലേക്ക് ദലിതർക്ക് പ്രവേശനമില്ല. ചായക്കടകളിൽ പോലും ദലിതർക്ക് പ്രത്യേകം ഗ്ലാസുകളിലാണ് ചായ നൽകുന്നത്. സംഭവത്തിൽ കലക്ടറും പൊലീസ് മേധാവിയും നേരിട്ട് പരിശോധന നടത്തി ചായക്കടക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ, പ്രദേശത്തെ ദലിതരെ മുഴുവൻ ക്ഷേത്രത്തിലെത്തിച്ച് അവരുടെ പ്രവേശനം തടയുന്ന ആളുകൾ ആരാണെന്ന് കാണിച്ചുകൊടുക്കാനും പൊലീസും കലക്ടറും ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ പൂജനടക്കുന്ന സമയമായിരുന്നു അത്. ആ സമയം, ഉന്നത ജാതിയിൽ ഉൾപ്പെടുന്നതെന്ന് കരുതുന്ന സ്ത്രീ അവിടെയെത്തി, താഴ്ന്ന ജാതിക്കാർ ക്ഷേത്രത്തിൽ കയറുന്നത് തന്റെ ദൈവം ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞു. അവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
താൻ ഇത്രയും കാലമായിട്ട് ഈ ക്ഷേത്രത്തിൽ കയറിയിട്ടില്ലെന്നും ആദ്യമായി കയറിയത് സന്തോഷം നൽകിയെന്നും പ്രദേശത്തെ 22കാരിയായ ബി.എസ്.സി വിദ്യാർഥിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.