മഹുവ മുതൽ യൂസുഫ് പത്താൻവരെ
text_fieldsതിങ്കളാഴ്ച നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിൽ ബംഗളിൽനിന്ന് ജനവിധി തേടുന്നത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര, ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളായിരുന്ന യൂസുഫ് പത്താൻ, കീർത്തി ആസാദ്, മുൻ കേന്ദ്രമന്ത്രിമാരായ ശത്രുഘ്നൻ സിൻഹ, എസ്.എസ്. അഹുലുവാലിയ, ബി.ജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, രാജകുടുംബാംഗം അമൃതറോയി തുടങ്ങി പ്രമുഖർ. സൗത്ത് ബംഗാളിലെ അഞ്ചു ജില്ലകളിലായി എട്ടു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ ടി.എം.സിക്ക് നാലും ബി.ജെ.പിക്ക് മൂന്നും കോൺഗ്രസിന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്.
സിറ്റിങ് സീറ്റായ ബഹറാംപൂരിലാണ് അധീർരഞ്ജൻ ചൗധരി ജനവിധി തേടുന്നത്. എതിരാളിയായി ടി.എം.സി യൂസുഫ് പത്താനെ നിർത്തിയതോടെ അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ചൗധരിക്ക് ഇക്കുറി മത്സരം കടുപ്പമേറിയിട്ടുണ്ട്. സിറ്റിങ് സീറ്റായ കൃഷ്ണനഗറിൽനിന്ന് തന്നെയാണ് മഹുവയുടെ മത്സരം. ചോദ്യക്കോഴയിൽ ലോക്സഭയിൽനിന്ന് പുറത്താക്കിയതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് മഹവുക്ക്. അതുകൊണ്ട് തന്നെ മഹുവയെ വിജയിപ്പിച്ച് ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് പാർട്ടി. കൃഷ്ണനഗർ രാജകുടുബാംഗവും കോടീശ്വരിയുമായ അമൃത റോയിയാണ് എതിരാളി.
അസൻസോളിലാണ് മുൻ കേന്ദ്രമന്ത്രിരായ ശത്രുഘ്നൻ സിൻഹയും എസ്.എസ്. അഹുലുവാലിയയും ജനവിധി തേടുന്നത്. 2019ൽ ബി.ജെ.പി വിജയിച്ച മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ശത്രുഘ്നൻ സിൻഹയെ നിർത്തി ടി.എം.സി പിടിച്ചെടുത്തിരുന്നു. അഹുലുവാലിയയിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ബർധമാൻ ദുർഗാപൂരിൽനിന്നാണ് കീർത്തി ആസാദും ദിലീപ് ഘോഷും ജനവിധി തേടുന്നത്. 2019ൽ 2,500ൽ താഴെ വോട്ടുകൾക്ക് ബി.ജെ.പിയുടെ അഹുലുവാലിയ ജയിച്ച മണ്ഡലമാണിത്. ടി.എം.സി വിട്ടെത്തിയ ദിലീപ് ഘോഷ് കുറച്ചുകാലം പാർട്ടി അധ്യക്ഷ പദവി ലഭിച്ചെങ്കിലും പിന്നീട് ബി.ജെ.പി കാര്യമായ പരിഗണന നൽകിയിരുന്നില്ല. അതിനാൽ, വിജയം ദിലീപ് ഘോഷിന്റെ നിലനിൽപിനെകൂടി ബാധിക്കുന്നതാണ്. സി.പി.എമ്മും വിജയ പ്രതീക്ഷ പുലർത്തുന്ന ബർധമാനിൽ മുതിർന്ന നേതാവ് സുകൃതി ഘോഷ് ആണ് മത്സരിക്കുന്നത്.
സി.പി.എമ്മിന്റെ വലിയൊരു ശതമാനം വോട്ടും കഴിഞ്ഞ തവണ ബി.ജെ.പിക്കാണ് ലഭിച്ചത്. കോൺഗ്രസുമായുള്ള സഖ്യവും താഴെതട്ടിൽ പാർട്ടി സംവിധാനങ്ങളും മെച്ചപ്പെട്ടതോടെ ബി.ജെ.പിയിലേക്ക് പോയ വോട്ട് പരിധിവരെ തിരിച്ചുപിടിക്കും. ഇത് ടി.എം.സിക്ക് നേട്ടമാകും. മുസ്ലിം വോട്ട് കഴിഞ്ഞ തവണ ഭിന്നിച്ചിരുന്നു. നിയമസഭയിൽ ഇത് ടി.എം.സിയിലേക്ക് ഏകീകരിച്ചു. ഈ തെരഞ്ഞെടുപ്പിലും അതു ആവർത്തിക്കുമെന്നാണ് ടി.എം.സി കണക്കുകൂട്ടൽ. അസൻസോൾ, ബഹറാംപൂർ, കൃഷ്ണനഗർ തുടങ്ങി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വർഗീയ കലാപങ്ങൾ അരങ്ങേറിയിരുന്നു. ഇതേത്തുടർന്നുണ്ടായ വർഗീയ ധ്രുവീകരണം ബി.ജെ.പിക്ക് നേട്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.