കോവിഡ് വീട്ടിലിരുത്തിയ വർഷം വാർത്തകൾക്ക് പ്രിയമേറി; വിനോദ ചാനലുകളേക്കാൾ ആളുകൾ കണ്ടത് വാർത്താചാനലുകൾ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ വാർത്താ ചാനലുകൾ കാണുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ടി.വി കാണുന്നവരുടെ എണ്ണത്തിൽ 2020ൽ ഒമ്പത് ശതമാനം വർധനവുണ്ടായതായി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം കാഴ്ചക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനവ് നേടിയത് വാർത്താ ചാനലുകളാണ്. 27 ശതമാനം വളർച്ചയാണ് വാർത്ത കാണുന്നവരിലുണ്ടായത്.
ആകെ ടി.വി കാണുന്നതിന്‍റെ 10.4 ശതമാനവും വാർത്താചാനലുകളാണ് കാണുന്നത്. ഇതിൽ തന്നെ മലയാളം, പഞ്ചാബി, ഗുജറാത്തി, തമിഴ്, ഹിന്ദി വാർത്താചാനലുകളാണ് കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. അതേസമയം, ഇംഗ്ലീഷ് വാർത്താ ചാനലുകൾ കാണുന്നവരുടെ എണ്ണം രണ്ട് ശതമാനം കുറഞ്ഞു.
കുട്ടികളുടെ വിനോദ ചാനലുകൾ 27 ശതമാനം അധികം കാഴ്ചക്കാരെ നേടിയപ്പോൾ മറ്റ് വിനോദ ചാനലുകൾ ഒമ്പത് ശതമാനവും സിനിമാ ചാനലുകൾ 10 ശതമാനവുമാണ് അധികം കാഴ്ചക്കാരെ നേടിയത്.
പ്രൈം ടൈമിൽ അല്ലാത്ത പരിപാടികൾക്ക് ലോക്ഡൗൺ കാലത്ത് കാഴ്ചക്കാർ ഏറെ വർധിച്ചു. 2019നെ അപേക്ഷിച്ച് 51 ശതമാനം വളർച്ചയാണ് ഇവ നേടിയത്.
ടി.വി കാണുന്നവരുടെ എണ്ണത്തിലെ വർധനവ് ആഗോളതലത്തിൽ സംഭവിക്കുന്നുണ്ടെന്ന് ബ്രോഡ്കാസ്റ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോവിഡിന് മുമ്പ് 3.30 മുതൽ 3.45 മണിക്കൂർ വരെയായിരുന്നു ഒരു ദിവസം രാജ്യത്ത് ശരാശരി ടി.വി കാണുന്ന സമയദൈർഘ്യം. ഇത് ദിവസം നാല് മണിക്കൂർ എന്ന ശരാശരിയിലേക്ക് ഉയർന്നുവെന്ന് ബ്രോഡ്കാസ്റ്റ് വിദഗ്ധനായ പരിതോഷ് ജോഷി പറയുന്നു.
ലോക്ഡൗണിനെ തുടർന്ന് ജനം വീടുകളിൽ ഒതുങ്ങിയ സമയത്ത് മാത്രം 18 ശതമാനം വർധനവ് കാഴ്ചക്കാരിലുണ്ടായി. വാർത്തകൾ കാണുന്നവരുടെ എണ്ണം ഇക്കാലയലവിൽ 90 ശതമാനമാണ് വർധിച്ചത്. വിനോദ ചാനലുകൾ എട്ട് ശതമാനം കാഴ്ചക്കാരെ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.