'അന്തസ്സ് കാത്തുസൂക്ഷിക്കാൻ ത്രേതായുഗത്തിൽ ശ്രീരാമൻ രാജ്യം ത്യജിച്ചു, രാമഭക്തനായ കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയും'
text_fieldsന്യൂഡൽഹി: ത്രേതായുഗത്തിൽ അന്തസ്സ് കാത്തുസൂക്ഷിക്കാൻ രാജ്യം ത്യജിച്ചയാളാണ് ശ്രീരാമനെന്നും രാമഭക്തനായ അരവിന്ദ് കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുമെന്നും ആം ആദ്മി പാർട്ടി. എക്സ് പോസ്റ്റിലൂടെയാണ് ആപ്പിന്റെ പ്രസ്താവന.
'ചരിത്രത്തിലാദ്യമായി സത്യസന്ധതയുടെ പേരിൽ തെരഞ്ഞെടുപ്പു പോരാട്ടം നടക്കുകയാണ്. ത്രേതായുഗത്തിൽ ശ്രീരാമൻ അന്തസ്സിനു വേണ്ടി തന്റെ രാജ്യം ഉപേക്ഷിച്ചു. ഇപ്പോൾ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനായ അരവിന്ദ് കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയും. ജനങ്ങളുടെ കോടതിയിൽ വിജയിച്ചാലേ കെജ്രിവാൾ വീണ്ടും മുഖ്യമന്ത്രിയാകൂ' -ആം ആദ്മി പാർട്ടി പറഞ്ഞു.
മദ്യനയക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. രാജിക്കത്ത് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് കൈമാറും.
ജയിലിൽനിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാൾ ഏവരെയും അമ്പരപ്പിച്ചത്. ഞായറാഴ്ച ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു രാജി പ്രഖ്യാപനം. രണ്ട് ദിവസത്തിനകം താൻ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും ജനങ്ങൾ അവരുടെ വിധി പ്രഖ്യാപിക്കുന്നതുവരെ താനിനി ആ കസേരയിലിരിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കേവലം മാസങ്ങൾ അകലെയാണ്. കോടതിയിൽനിന്ന് നീതി ലഭിച്ച തനിക്കിനി ജനകീയ കോടതിയിൽ നിന്നും നീതി ലഭിക്കും-കെജ്രിവാൾ കൂട്ടിച്ചേർത്തു.
താനും ജനകീയ കോടതിയിൽ നിന്ന് വിധി വന്ന ശേഷമേ ഇനി മന്ത്രിപദത്തിലേക്ക് തിരിച്ചുവരൂ എന്ന് ഉപമുഖ്യമന്ത്രി പദം രാജിവെച്ച മനീഷ് സിസോദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.