ത്രിപുരയിൽ പത്ര സ്ഥാപനത്തിന് നേരെ ബി.ജെ.പി ആക്രമണം; നാല് മാധ്യമപ്രവർത്തകർക്ക് പരിക്ക്
text_fieldsഗുവാഹത്തി: ത്രിപുരയിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങൾക്ക് പിന്നാലെ 'പ്രതിബാദി കലാം' ദിനപത്രത്തിന്‍റെ ഓഫിസിനും നേരെയും അക്രമം. നാല് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി.
സംസ്ഥാനത്ത് തുടരുന്ന ബി.ജെ.പി -സി.പി.എം സംഘർഷത്തിന് പിന്നാലെയാണ് ബുധനാഴ്ച വൻ അക്രമ സംഭവങ്ങൾക്ക് ത്രിപുര സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചിരുന്നു.
പ്രതിബാധി കലാമിന്‍റെ ഓഫിസിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രതിബാധി കലാം എഡിറ്ററും പബ്ലിഷറുമായ അനൽ റോയ് ചൗധരി നൽകിയ പരാതിയിൽ പറയുന്നു.
'നാലോളം മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. എല്ലാ രേഖകളും കമ്പ്യൂട്ടറുകളും സി.സി.ടി.വി കാമറകളും നശിപ്പിച്ചു. അതേസമയം പൊലീസ് സംഘം നിശബ്ദ കാഴ്ചക്കാരായി നിന്നു, ഒന്നും ചെയ്തില്ല' -എഫ്.ഐ.ആറിൽ പറയുന്നു.
ലാത്തിയും മുർച്ഛയുള്ള ആയുധവുമായാണ് ഗുണ്ടകൾ ഓഫിസിലെത്തിയത്. ഞങ്ങളുടെ മാധ്യമപ്രവർത്തകനായ പ്രസൻജിത് സാഹക്ക് തലയുടെ പിറകിൽ മൂർച്ഛയുള്ള ആയുധംകൊണ്ട് മുറിവേറ്റു. പരിക്ക് ഗുരുതരമാണ് -ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
പത്രസ്ഥാപനത്തിന് നേരെ നടന്ന അതിക്രമത്തിൽ ഉടൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. 12 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ നീതിക്കായി വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഗർത്തല പ്രസ് ക്ലബ് സെക്രട്ടറി പ്രണബ് സർക്കാർ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടുദിവസമായി തുടരുന്ന ആക്രമത്തിനിടെ സി.പി.എം ഓഫിസുകൾക്ക് തീയിട്ടിരുന്നു. 'രണ്ടര വർഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന ഞങ്ങളുടെ ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ വാഹനങ്ങൾ തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു' -സി.പി.എമ്മിന്‍റെ ബിജാൻ ധർ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ റാലിക്ക് പിന്നാലെയായിരുന്നു അക്രമം.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാറിനെ സ്വന്തം മണ്ഡലമായ ധൻപൂരിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. ധൻപൂരിലെ കതാലിയയിൽ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവർത്തകർ തടയുകയായിരുന്നു.
തുടർന്ന് സി.പി.എം പ്രവർത്തകർ പ്രദേശത്ത് സംഘടിക്കുകയും മണിക് സർക്കാറിന് സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.