ട്വിറ്റർ ഇന്ത്യ മേധാവിക്ക് ആശ്വാസം; 29വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് കോടതി
text_fieldsബംഗളൂരു: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വയോധികനെ ആക്രമിച്ച സംഭവത്തിലെ ട്വീറ്റുകളുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് കർണാടക ഹൈകോടതിയുടെ ഇടക്കാല ആശ്വാസം. ജൂൺ 29വരെ പൊലീസ് നടപടി സ്വീകരിക്കരുതെന്നും ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് വഴി അന്വേഷണം തുടരാമെന്നും ജസ്റ്റിസ് ജി. നാഗേന്ദ്ര ഉത്തരവിട്ടു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ച യു.പി ഗാസിയാബാദ് പൊലീസിെൻറ നടപടിക്കെതിരെ മനീഷ് മഹേശ്വരി നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതിയുടെ ഇടപെടൽ. കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുന്നത് വിലക്കികൊണ്ട് താൽകാലിക സംരക്ഷണമാണ് കോടതി നൽകിയത്.
വ്യാഴാഴ്ച ഗാസിയാബാദ് ലോണി ബോർഡർ പൊലീസിൽ ഹാജരാകാനായിരുന്നു ട്വിറ്റർ എം.ഡിക്ക് നോട്ടീസ് ലഭിച്ചത്. ബംഗളൂരുവിൽ താമസിക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാമെന്ന് അറിയിച്ചിട്ടും യു.പി പൊലീസ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മനീഷിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ടു ദിവസങ്ങൾക്കിടെ പൊലീസ് അയച്ച നോട്ടീസിൽ ആദ്യം സാക്ഷിയും പിന്നെ പ്രതിയുമാക്കിയെന്നും കോടതിയിൽ വാദിച്ചു. തുടർന്ന് കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും, വീണ്ടും ഹരജി പരിഗണിക്കുന്ന ജൂൺ 29വരെ മനീഷിനെതിരെ പൊലീസ് നടപടി പാടില്ലെന്നും ഹൈകോടതി നിർദേശിച്ചു.
മുൻകൂർ ജാമ്യം അനുവദിച്ചുവെന്നാണോ ഉത്തരവെന്ന യു.പി പൊലീസിെൻറ ചോദ്യത്തിനാണ് കേസിൽ വീഡിയോ കോൺഫറൻസ് വഴി അന്വേഷണം തുടരാമെന്ന് കോടതി മറുപടി നൽകിയത്. പ്രഥമദൃഷ്ട്യ മനീഷ് മഹേശ്വരിക്ക് സംഭവത്തിൽ ഉത്തരവാദിത്വം ഉണ്ടെന്നതിന് തെളിവ് നൽകാതെ നേരിട്ട് ഹാജരാകണണെന്ന പൊലീസ് നിർദേശത്തെയും ഹൈകോടതി ചോദ്യം ചെയ്തു. ഗാസിയാബാദിൽ അബ്ദുൽ സമദ് എന്ന മുസ്ലിം വയോധികനെ ആക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയർ െചയ്യുകയും ചെയ്തതിെൻറ പേരിൽ നിരവധി മാധ്യമപ്രവർത്തകരുടെ പേരിലും കോൺഗ്രസ് നേതാക്കളുടെ പേരിലും ട്വിറ്ററിനെതിരെയും യു.പി പൊലീസ് കേസെടുത്തിരുന്നു. ജയ്ശ്രീരാം, വന്ദേ മാതരം എന്ന് ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ട് വയോധികനെ മർദ്ദിക്കുന്നതിെൻറ വീഡിയോ ആണ് പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.