കുടുംബ സ്വത്തിന് വേണ്ടി 20 വർഷത്തിനിടെ അഞ്ചു കൊലപാതകം; കൊല്ലപ്പെട്ടവരിൽ നാലു കുട്ടികളും, യു.പിയിൽ 45കാരൻ അറസ്റ്റിൽ
text_fieldsഗാസിയാബാദ്: കുടുബസ്വത്തിന് വേണ്ടി 20 വർഷത്തിനിടെ അഞ്ചുകൊലപാതകം നടത്തിയ 45കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കൂടത്തായി മോഡൽ കൊലപാതകം.
ആഗസ്റ്റ് 15ന് മകൻ രേഷുവിനെ കാണാനില്ലെന്ന പരാതിയുമായി ബ്രിജേഷ് ത്യാഗി എന്നയാൾ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക പരമ്പര പുറത്തറിയുന്നത്. ഒരാഴ്ചക്ക് ശേഷം ആഗസ്റ്റ് 22ന് കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിൽ 14ദിവസം മുമ്പ് തന്‍റെ മകനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി ചൂണ്ടിക്കാട്ടി വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രിജേഷ് ത്യാഗിയുടെ ഏറ്റവും ഇളയ സഹോദരനായ ലീലുവിനെ പൊലീസ് മുരുഡ്നഗറിയെ ബസന്ത്പുർ ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തു. കൂടാതെ ലീലുവിന്‍റെ സഹായികളായ രാഹുലിനെ സംഭാൽ ഗ്രാമത്തിൽനിന്നും സുരേന്ദ്രയെ ഹാപുർ ജില്ലയിൽനിന്നും പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യംചെയ്യലിൽ ബ്രിജേഷിന്‍റെ മകൻ രേഷുവിനെ കൊലപ്പെടുത്തിയതായും ബുലന്ദേശ്വറിലെ ഒരു കനാലിന് സമീപം സുരേന്ദ്രയുടെയും വിക്രാന്ത് മുകേഷിന്‍റെയും രാഹുലിന്‍റെയും സഹായത്തോടെ മൃതദേഹം ഉപേക്ഷിച്ചതായും ലീലു പൊലീസിന് മൊഴി നൽകി.
ഇതോടെ, സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ മറ്റു മരണങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് 2001 മുതൽ ലീലു കുടുംബത്തിലുള്ളവരെ വിവിധ സമയങ്ങളിൽ വകവരുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
2001ലായിരുന്നു ആദ്യ കൊലപാതകം. ലീലുവിന്‍റെ മൂത്ത സഹോദരനായ സുധീർ ത്യാഗിയാണ് അന്ന് കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് ശേഷം സുധീർ ത്യാഗിയുടെ എട്ടു വയസുകാരി മകൾ പായലിനെ വിഷം നൽകി കൊലപ്പെടുത്തി. പിന്നീട് മൂന്നുവർഷങ്ങൾക്ക് ശേഷമായിരുന്നു അടുത്ത കൊലപാതകം. സുധീറിന്‍റെ മൂത്ത മകളായ 16കാരി പാരുളിനെ കൊലപ്പെടുത്തുകയും മൃതദേഹം ഹിന്ദോൺ നദിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. എട്ടുവർഷം മുമ്പ് ബ്രിജേഷിന്‍റെ മൂത്ത മകന നിഷുവിനെയും കൊലപ്പെടുത്തിയതും ലീലുവായിരുന്നു. നിഷുവിന്‍റെയും മൃതദേഹം ഹിന്ദോൺ നദിയിൽ തള്ളുകയായിരുന്നുവെന്നും ലീലു പൊലീസിനോട് വെളിപ്പെടുത്തി.
കുടുംബത്തിന് അഞ്ചുകോടി രൂപ വിലവരുന്ന ഭൂമിയുണ്ടായിരുന്നു. ഇതിൽ ആരും അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് കൊലപാതകമെന്നും 45കാരനായ ലീലു പൊലീസിനോട് പറഞ്ഞു.
നിലവിൽ, രേഷുവിന്‍റെ മൃതദേഹം കനാലിൽനിന്ന് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയുടെ മൊഴി ഓഡിയോയായി റെക്കോർഡ് ചെയ്തതായും ഇത് കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.