Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ചക്കിന്...

ബി.ജെ.പി ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു! ഇൻഡ്യയെ തോൽപിക്കാനുള്ള ‘മായാവതിക്കെണി’യിൽ വീണത് 31 എൻ.ഡി.എ സ്ഥാനാർഥികൾ

text_fields
bookmark_border
ബി.ജെ.പി ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു! ഇൻഡ്യയെ തോൽപിക്കാനുള്ള ‘മായാവതിക്കെണി’യിൽ വീണത് 31 എൻ.ഡി.എ സ്ഥാനാർഥികൾ
cancel

ലഖ്നോ: ഇൻഡ്യ മുന്നണിക്ക് പാര പണിയാൻ ബി.ജെ.പിയുടെ ആശീർവാദത്തോടെ കളത്തിലിറങ്ങിയ മായാവതിയുടെ ബി.എസ്.പി ഒടുവിൽ കൊടുംപാരയായത് ബി.ജെ.പിക്ക്! ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ 31 സ്ഥാനാർഥികളാണ് മായാവതിയു​ടെ ബി.എസ്.പി സ്ഥാനാർഥികൾ ഇൻഡ്യക്ക് ഒരുക്കിയ കെണിയിൽ വീണത്. അതേസമയം, ഇൻഡ്യ സഖ്യത്തിന് 16 സീറ്റുകളിൽ ബി.എസ്.പി സ്ഥാനാർഥികൾ വിനയായി.

കഴിഞ്ഞ തവണ മുലായം സിങ് യാദവിന്റെ സമാജ്‍വാദി (എസ്.പി) പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിരുന്ന മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി (ബി.എസ്.പി), ഇത്തവണ ഒറ്റക്കാണ് യു.പിയിലെ 80 സീറ്റുകളിലും പോരിനിറങ്ങിയത്. ഇൻഡ്യ സഖ്യത്തിന്റെ വോട്ടുബാങ്കിൽ ​വിള്ളൽ വീഴ്ത്തി ബി.ജെ.പിയുടെ വിജയത്തിന് വഴിതെളിയിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് തുടക്കം മുതൽ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇൻഡ്യ സഖ്യത്തി​ന്റെ ബാനറിൽ മുസ്‍ലിം സ്ഥാനാർഥികൾ മത്സരിക്കുന്ന ന്യൂനപക്ഷമണ്ഡലങ്ങളിൽ ബി.എസ്.പിയും സമുദായ സ്ഥാനാർഥികളെ രംഗത്തിറക്കിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു.

മായാവതി നിർണായകമായത് 47 സീറ്റുകളിൽ; 31ലും ബി.ജെ.പി പൊട്ടി

‘ദി വയർ’ നടത്തിയ വിശകലനത്തിൽ, യു.പിയിൽ 47 ലോക്‌സഭാ സീറ്റുകളിലാണ് ബി.എസ്.പിയുടെ വോട്ട് വിഹിതം എസ്.പിയുടെയോ ബി.ജെ.പിയുടെയോ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. ഈ 47ൽ 31 ഇടത്തും ബി.ജെ.പിയെ തറപറ്റിച്ച് ഇൻഡ്യ സഖ്യമാണ് വിജയിച്ചു. ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷത്തിന് കൂടുതൽ നേട്ടമുണ്ടാക്കി എന്നാണ് ഇതിനർഥം. ബി.എസ്.പിക്ക് കിട്ടിയ വോട്ടിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷം നേടി 16 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. അതായത്, ഈ സീറ്റുകളിൽ ബി.എസ്.പി ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷേ, ഇൻഡ്യ ജയിച്ചേനേ. അതേസമയം, യു.പിയിൽ ബാക്കിയുള്ള 33 സീറ്റുകളിൽ ബി.എസ്.പിയുടെ വോട്ട് തീർത്തും അപ്രസക്തമായിരുന്നു. അവർക്ക് കിട്ടിയ വോട്ട് ആരുടെയും വിജയത്തെ സ്വാധീനിച്ചിട്ടില്ല. ബി.എസ്.പിയുടെ വോട്ട് വിഹിതം 2022ൽ 13 ശതമാനമായിരുന്നത് ഇത്തവണ 9.4 ശതമാനമായി ചുരുങ്ങി.

മീററ്റിൽ എസ്.പിയുടെ ദലിത് സ്ഥാനാർഥി 10,585 വോട്ടുകൾക്കാണ് ബി.ജെ.പിയോട് പരാജയപ്പെട്ടത്. ഇവിടെ ബി.എസ്.പി സ്ഥാനാർഥി 87,025 വോട്ടുകൾ നേടി. ബൻസ്ഗാവിൽ ബി.എസ്.പി 64,750 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പിയോട് 5,130 വോട്ടുകൾക്ക് കോൺഗ്രസ് പരാജയപ്പെട്ടു. ഫുൽപൂരിൽ ബി.ജെ.പി 4,332 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബി.എസ്.പി 82,586 വോട്ടുകൾ നേടി.

അലിഗഢിൽ എസ്.പി 15,647 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ ബി.എസ്.പി 1,23,923 വോട്ടുകൾ നേടി. ഫറൂഖാബാദിൽ എസ്.പി 2,678 വോട്ടിന് പരാജയപ്പെട്ടപ്പോൾ ബി.എസ്.പി 45,390 വോട്ടുകൾ നേടി. അംറാഹയിൽ കോൺഗ്രസ് സ്ഥാനാർഥി ഡാനിഷ് അലി 28,670നാണ് ബി.ജെ.പിയോട് തോറ്റത്. ഇവിടെ ബി.എസ്.പി 1,64,099 വോട്ട് പെട്ടിയിലാക്കി.

അതേസമയം, ബി.എസ്.പിക്ക് 1,85,474 വോട്ടുകൾ ലഭിച്ച ധൗരഹ്രയിൽ 4,449 വോട്ടുകൾക്കാണ് ബി.ജെ.പി പരാജയപ്പെട്ടത്. 2,629 വോട്ടുകൾക്ക് ബി.ജെ.പി പൊട്ടിയ ഹമീർപൂരിൽ ബി.എസ്.പി 94,696 വോട്ടുകൾ പിടിച്ചു. സേലംപൂർ മണ്ഡലം ബി.ജെ.പിക്ക് 3,573 വോട്ടിന് നഷ്ടമായപ്പോൾ ബി.എസ്.പിക്ക് ഇവി​ടെ 80,599 വോട്ടുകൾ ലഭിച്ചു.

വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ ബി.എസ്.പിക്ക് വോട്ടുലഭിച്ച സീറ്റുകൾ:

ബി.ജെ.പി വിജയിച്ചത്: അക്ബർപൂർ, അലിഗഡ്, അംരോഹ, ബൻസ്ഗാവ്, ഭദോഹി, ബിജ്‌നൂർ, ദിയോറിയ, ഫറൂഖാബാദ്, ഫത്തേപൂർ സിക്രി, ഹർദോയ്, മീററ്റ്, മിർസാപൂർ, മിസ്രിഖ്, ഫുൽപൂർ, ഷാജഹാൻപൂർ, ഉന്നാവോ.

ഇൻഡ്യ മുന്നണി ജയിച്ചത്: അംബേദ്കർ നഗർ, ആൻല, അഅ്സംഗഡ്, ബല്ലിയ, ബുദൗൻ, ബന്ദ, ബസ്തി, ചന്ദൗലി, ധൗരഹ്‌റ, ഇറ്റ, ഇറ്റാവ, ഫത്തേപൂർ, ഫിറോസാബാദ്, ഗാസിപൂർ, ഘോസി, ഹമീർപൂർ, ജലൗൻ, ജൗൻപൂർ, ഖൈറാന, ഖേരി, ലാൽഗഞ്ച്, മച്ചലിഗഞ്ചെരി, മോഹൻലാൽഗഞ്ച്, മുസാഫർനഗർ, പ്രതാപ്ഗഡ്, സഹറൻപൂർ, സേലംപൂർ, സംഭാൽ, സന്ത് കബീർ നഗർ, സീതാപൂർ, സുൽത്താൻപൂർ.

ഒടുവിൽ പഴി മുസ്‍ലിംകൾക്ക്!

ലോക്സഭ തെരഞ്ഞെടുപ്പിൽ 80 സീറ്റിലും പരാജയപ്പെട്ടതിന് പിന്നാലെ മുസ്‍ലിംകളെ പഴി പറഞ്ഞ് മായാവതി രംഗത്തെത്തിയിരുന്നു. മുസ്‍ലിംകൾക്ക് സീറ്റ് നൽകുന്നതിന് മുമ്പ് ഇനി രണ്ടുവട്ടം ആലോചിക്കുമെന്നായിരുന്നു മായാവതിയുടെ മുന്നറിയിപ്പ്. അങ്ങനെ തന്റെ പാർട്ടിക്ക് ഇത്തവണ ഉണ്ടായത് പോലെ നഷ്ടം സംഭവിക്കാതിരിക്കും. മുസ്‍ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 80 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് പൂജ്യം സീറ്റാണ് കിട്ടിയത്. 2019ൽ അഖിലേഷ് യാദവിനൊപ്പം സഖ്യമായി മത്സരിച്ചപ്പോൾ 10 സീറ്റ് നേടാൻ മായാവതിക്ക് സാധിച്ചിരുന്നു.

മായാവതി രംഗത്തിറക്കിയ 20 മുസ്‍ലിം സ്ഥാനാർഥികളിൽ ആർക്കും രണ്ടാം സ്ഥാനത്ത് പോലും എത്താൻ കഴിഞ്ഞിരുന്നില്ല. അംറോഹയിൽ കോൺഗ്രസിന്റെ സിറ്റിങ് എം.പിയായ ഡാനിഷ് അലിയെ പരാജയപ്പെടുത്താൻ ബി.ജെ.പിയെ സഹായിച്ചു എന്നത് മാത്രമാണ് ബി.എസ്.പിയുടെ മുസ്‍ലിം സ്ഥാനാർഥികൾ ചെയ്ത ‘ഉപകാരം’. മറ്റൊരു സീറ്റിലും ഇവർ ഇൻഡ്യ ബ്ലോക്കിനെ ബാധിച്ചിട്ടില്ല. നേരെമറിച്ച്, ഒമ്പത് സീറ്റുകളിൽ ബി.എസ്.പിയുടെ മുസ്‍ലിം സ്ഥാനാർഥികൾ നേടിയ വോട്ടിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇൻഡ്യ ബ്ലോക്ക് സ്ഥാനാർഥികൾക്ക് കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSPmayawatiLok Sabha Elections 2024INDIA Bloc
News Summary - In UP, Mayawati's BSP Failed to Play Spoiler for Opposition, Hurt BJP More
Next Story