സുപ്രീംകോടതി വിധി വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് കേന്ദ്രസർക്കാർ അടിച്ചിറക്കിയത് 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ
text_fieldsന്യൂഡൽഹി: ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധി വരുന്നത്. വിധി വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് കേന്ദ്രസർക്കാർ 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ അടിച്ചിറക്കിയതായി ദ ഇന്ത്യൻ എക്സ് റിപ്പോർട്ട് ചെയ്തു. പദ്ധതി തുടങ്ങിയ 2018 മുതൽ സർക്കാർ 35,660 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് അച്ചടിച്ചത്. അതിൽ ഒരു കോടി രൂപ മുഖവിലയുള്ള 33,000 ബോണ്ടുകളും 10 ലക്ഷം രൂപ മുഖവിലയുള്ള 26,600 ബോണ്ടുകളും ഉൾപ്പെടും. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അന്തകൻ എന്ന് വിശേഷിപ്പിക്കാവുന്ന ലോകേഷ് ബത്ര സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ധനകാര്യമന്ത്രാലയം ഈ വിവരങ്ങൾ നൽകിയത്.
ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനും കമ്മീഷനുമായി 13.94 കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിൽപ്പനക്കുള്ള കമ്മീഷനായി ജി.എസ്.ടി ഉൾപ്പെടെ 12.04 കോടി രൂപയാണ് ഈടാക്കിയത്. എന്നാൽ സംഭാവന നൽകിയവരിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ കമ്മീഷനോ ജി.എസ്.ടിയോ ഈടാക്കിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമുള്ള സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഇലക്ടറൽ ബോണ്ട് കേസിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. നയരൂപീകരണത്തിൽ ഉൾപ്പടെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ടറൽ ബോണ്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കോർപറേറ്റുകളും മറ്റ് സ്ഥാപനങ്ങളും കണക്കിൽപ്പെടാത്ത പണം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്ന രീതിക്ക് അന്ത്യമാകും.
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. 2022-23ൽ 1,300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.