ബിർഭും ആക്രമണം: ഭാദു ഷെയ്ഖിന്‍റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷിക്കണം ആവശ്യപ്പെട്ട് ഹരജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ഭാദു ഷെയ്ഖിന്‍റെ കൊലപാതകകേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൽക്കട്ട ഹൈകോടതിയിൽ ഹരജി. ലോക്കൽ പൊലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ബിർഭൂമിൽ ഒൻപത് പേരെ ചുട്ടെരിച്ചു കൊന്ന സംഭവത്തിന് ഭാദു ഷെയ്ഖിന്‍റെ കൊലപാതകവുമായി ബന്ധമുണ്ടെന്നും അതിനാൽ ഭാദു ഷെയ്ഖിന്‍റെ കൊലപാതകവും സി.ബി.ഐ അന്വേഷിക്കണമെന്നാണ് ആവശ്യം. കോടതി ഉത്തരവിടുകയാണെങ്കിൽ ഭാദു ഷെയ്ഖിന്‍റെ കൊലപാതകം അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ അറിയിച്ചു.
ബിർഭും ആക്രമണത്തിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയും ജസ്റ്റിസ് ആർ. ഭരദ്വാജും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അന്വേഷണ ഏജൻസി സമർപ്പിച്ചു. അഭിഭാഷകരായ ബികാഷ് ഭട്ടാചാര്യ, പ്രിയങ്ക ടിബ്രേവാൾ എന്നിവർ ചേർന്നാണ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.
തൃണമൂൽ പ്രവർത്തകന്‍റെ കൊലപാതകവുമായി ബിർഭൂം ആക്രമത്തിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നില്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ്.എൻ മുഖർജി പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു.
അതേസമയം, ഭാദു ഷെയ്ഖിന്‍റെ കൊലപാതകം അന്വേഷിക്കാൻ സി.ബി.ഐ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വൈ.ജെ ദസ്തൂർ കോടതിയെ അറിയിച്ചു. സാങ്കേതിക തെളിവുകൾ ലഭിക്കുമെങ്കിലും സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിനാൽ ഭൗതിക തെളിവുകൾ നഷ്ടപ്പെട്ടിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 25നാണ് ബിർഭൂമിൽ ഒൻപത്പേർ പൊള്ളലേറ്റ് മരിച്ചത്. മാർച്ച് 21ന് നടന്ന തൃണമൂൽ പ്രവർത്തകന്‍റെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് കൽക്കട്ട ഹൈകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.