വെടിയുണ്ടകൾക്ക് തകർക്കാനാവില്ല ഇംറാനയുടെ സ്വപ്നങ്ങളെ
text_fieldsപുതുതായി തുറന്ന കുഞ്ഞു കടയിലെ ചില്ലിട്ട അലമാരക്കു മുകളിലിരുന്ന് കളിക്കുകയാണ് ഒരു വയസ്സുകാരി ഇനായ. പിതാവ് മുദ്ദസിർ ഖാൻ ഡൽഹി വംശീയാക്രമണത്തിൽ കൊല്ലപ്പെടുേമ്പാൾ അവളീ ഭൂമിയിലെത്തിയിട്ട് 17 ദിവസം മാത്രമേ ആയിരുന്നുള്ളൂ. വീട്ടിൽ പ്രസവാനന്തര ചികിത്സയിലായിരുന്ന ഉമ്മ ഇംറാന ഗർദൻപുരിയിലേക്ക് പോയ ഭർത്താവ് മടങ്ങിവരുന്നത് കാണാഞ്ഞ് വിളിച്ചുനോക്കുേമ്പാഴാണ് ദുരന്തവർത്തമാനം കേൾക്കുന്നത്. നാലുമാസം കുഞ്ഞുമോളെയും അണച്ചുപിടിച്ച് ഇദ്ദ (മറയിരിക്കൽ) ആചരിച്ചശേഷം അവരും മക്കളും നേരത്തേ താമസിച്ചിരുന്ന കുടുംബ ഫ്ലാറ്റിലേക്ക് പോന്നു.
ഡൽഹി സർക്കാറിൽനിന്ന് കിട്ടിയ അഞ്ചു ലക്ഷം രൂപയടക്കമുള്ള സഹായധനമെല്ലാം കുടുംബവകയിലുള്ള പ്ലാസ്റ്റിക് ഫാക്ടറിയിൽ നിക്ഷേപിച്ചു ഭർതൃകുടുംബം. ഇപ്പോൾ മുദ്ദസിറിെൻറ അനിയൻ നടത്തുന്ന കമ്പനിയിൽ നിന്നുള്ള വിഹിതമായി തനിക്കും എട്ടുമക്കൾക്കും ചെലവിന് ദിവസേന 500 രൂപ വീതം ലഭിക്കും. വിധവ പെൻഷനും കുട്ടികളുടെ പഠനസ്കോളർഷിപ്പുമായി 'വിഷൻ 2026' പ്രതിമാസം നൽകുന്ന 15,000 രൂപയാണ് മറ്റൊരു വരുമാനം.
ഭർത്താവ് മരിക്കുന്നതുവരെ അല്ലലറിയാതെ കഴിഞ്ഞിരുന്ന മക്കളുടെയും തെൻറയും ദൈനംദിന ചെലവുകൾ തീർക്കാൻ അത് മതിയാകില്ലെന്ന് വൈകാതെ അറിഞ്ഞു. കമ്പനി മാത്രമല്ല, താമസിക്കുന്ന ഫ്ലാറ്റും മുദ്ദസിർ ഖാെൻറ പേരിലല്ല. കുടുംബത്തിേൻറതാണ്. കൂടുതൽ ചോദിക്കാനും വയ്യാത്ത സാഹചര്യമായപ്പോഴാണ് മറ്റെന്തെങ്കിലും വരുമാനം കണ്ടെത്താൻ വഴി തേടിയത്. പരമ്പരാഗതമായി പർദ ആചരിക്കുന്ന, സ്ത്രീകൾ കച്ചവടത്തിനിറങ്ങാത്ത കുടുംബ പശ്ചാത്തലത്തിൽനിന്ന് എന്തുചെയ്യുമെന്ന ആലോചനക്കിടയിലാണ് കോസ്മെറ്റിക് ഷോപ്പ് എന്ന ആശയമുദിച്ചത്.
ഉപഭോക്താക്കളായി മിക്കവാറും സ്ത്രീകളാണ് വരുകയെന്നതും ആശ്വാസമായി. ഫിറോസ് എന്ന ഉദാരമതി നൽകിയ തുകയായിരുന്നു മൂലധനം. ഭർത്താവിെൻറ വിയോഗംവരെ സ്വന്തമായി ഒരു കാര്യവും ചെയ്തിട്ടില്ലാത്ത ഇംറാന കൂട്ടുകാരിയെയും കൂട്ടി സദർബസാറിലെത്തി പർച്ചേസ് നടത്തി. കൊണ്ടുവന്നിറക്കിയവ വിറ്റുകിട്ടിയ ആറായിരം രൂപ കൊണ്ട് വീണ്ടും പർച്ചേസ് നടത്തി. പക്ഷേ, ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്ര സാധനങ്ങളിറക്കാൻ കഴിഞ്ഞിട്ടില്ല. മുതൽമുടക്കിന് സഹായം വേണമെന്ന് 'വിഷൻ 2026' വളൻറിയർമാരോട് പറഞ്ഞപ്പോൾ ചെയ്യാമെന്ന് അവരേറ്റിട്ടുണ്ട്.
കടയുടെ പിറകിൽ കാലിയായിക്കിടക്കുന്ന മുറിയിൽ ബ്യൂട്ടി സലൂൺ തുറന്ന് ബ്യൂട്ടീഷൻ കോഴ്സ് പൂർത്തിയാക്കിയ മകൾ സൽമയെ അവിടെയിരുത്താനുള്ള പദ്ധതിയും വിഷന് സമർപ്പിച്ചിട്ടുണ്ട്.
ഒരു വർഷം മുമ്പുവരെ തനിക്ക് തീർത്തും അപരിചിതമായിരുന്ന വഴിയിലാണ് ഇംറാന ഇന്ന്. കുടുംബ ചടങ്ങുകൾക്കും സ്കൂൾ-ആശുപത്രി ആവശ്യങ്ങൾക്കുമല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലാത്ത ഇവർക്കിപ്പോൾ കച്ചവടം ജീവൻമരണ പോരാട്ടമാണ്. എന്തായാലും ഒന്നുറപ്പിച്ചിട്ടുണ്ട്- ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽനിന്ന് എട്ടുമക്കെളയും വളർത്തി വലുതാക്കണമെന്ന്, വെടിയുണ്ടകൾകൊണ്ട് തകർത്തുകളയാൻ കഴിയാത്ത അറിവിെൻറ ഉയരങ്ങളിലേക്ക് മക്കളെ വഴി നടത്തണമെന്ന്. ഒത്തിടട്ടെ, വിധിയായിടട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.