തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുക്കര്‍ബര്‍ഗിന്റെ പരാമര്‍ശം; മാപ്പ് പറഞ്ഞ് മെറ്റ
text_fieldsന്യൂഡല്‍ഹി: 2024-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. ഇന്ത്യയേക്കുറിച്ചുള്ള സുക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തുകയും പിന്നാലെ പാർലമെന്ററി സമിതി, മെറ്റ അധികൃതരെ വിളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 10ന് പുറത്തുവന്ന പോഡ്കാസ്റ്റിലാണ് മെറ്റ സി.ഇ.ഒ സുക്കര്‍ബര്‍ഗിന്റെ വിവാദ പരാമര്‍ശമുള്ളത്. 2024-ലെ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോല്‍വി നേരിട്ടെന്ന തരത്തിലായിരുന്നു പരാമര്‍ശം. അശ്രദ്ധമൂലമുണ്ടായ പിഴവാണ് അതെന്നാണ് മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവ്കാന്ത് തുക്രാലിന്റെ വിശദീകരണം.
“2024ലെ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പല പാര്‍ട്ടികളും പരാജയപ്പെട്ടെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരീക്ഷണം പലരാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്നാല്‍, അതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. അശ്രദ്ധകാരണമുണ്ടായ ഈ പിഴവില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. മെറ്റയെ സംബന്ധിച്ച് ഇന്ത്യ വളരെയധികം പ്രധാനമാണ്. ഇന്ത്യയുടെ മികച്ച ഭാവിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” -ശിവ്കാന്ത് തുക്രാൽ എക്‌സില്‍ കുറിച്ചു. സുക്കര്‍ബര്‍ഗില്‍നിന്ന് വ്യാജവിവരം പ്രചരിച്ചത് ഖേദകരണമാണെന്നും സത്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് കഴിഞ്ഞ ദിവസം അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് തുക്രാൽ മാപ്പ് പറഞ്ഞത്.
തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റക്ക് സമൻസ് അയക്കുന്നതായി കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എം.പി പറഞ്ഞിരുന്നു. “തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റയെ വിളിപ്പിക്കും. ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും പ്രതിഛായക്ക് കളങ്കം വരുത്തുന്ന പരാമർശമാണത്. പാർലമെന്റിനോടും ഇന്നാട്ടിലെ ജനങ്ങളോടും മെറ്റ മാപ്പ് പറയണം”- നിഷികാന്ത് ദുബെ എക്സിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.