കാലികടത്ത് കേസിൽ ഇനാമുൽ ഹഖിന് ജാമ്യം
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് അതിർത്തി കേന്ദ്രീകരിച്ചുള്ള കാലികടത്തു കേസിൽ രണ്ടു വർഷം മുമ്പ് അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഇനാമുൽ ഹഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
പശ്ചിമബംഗാളിലെ ബി.എസ്.എഫ് ബറ്റാലിയൻ കമാൻഡന്റായിരുന്ന ജിബു ടി. മാത്യുവിനെ ഈ കേസുമായി ബന്ധപ്പെട്ട് 2018ൽ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തപ്പോൾ 43 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കണ്ടെത്തി. പിന്നീട് അഴിമതി നിരോധന നിയമ പ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇനാമുൽ ഹഖിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ കഴിഞ്ഞ നവംബറിൽ കൊൽക്കത്ത ഹൈകോടതി തള്ളിയിരുന്നു. എന്നാൽ, അനിശ്ചിതമായി ഇനിയും തടങ്കലിൽ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
2020 നവംബർ മുതൽ കസ്റ്റഡിയിലുള്ള ഇനാമുൽ ഹഖിനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത് 2021ൽ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗാൾ അസനോളിലെ സി.ബി.ഐ പ്രത്യേക കോടതി നിർദേശിച്ച വ്യവസ്ഥകളോടെയാണ് ജാമ്യം.
2021 നവംബർ ആറു മുതൽ ഇനാമുൽ ഹഖ് തടങ്കലിലാണെന്ന് അയാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി വാദിച്ചു. ബി.എസ്.എഫ് കമാൻഡന്റ് അടക്കം മറ്റെല്ലാ പ്രതികൾക്കും ജാമ്യം കിട്ടി. ഏറിപ്പോയാൽ ഏഴു വർഷത്തെ തടവു മാത്രം കിട്ടാവുന്ന കുറ്റമാണ് ഇനാമുൽ ഹഖിനു മേൽ ചുമത്തിയിട്ടുള്ളത്.
സി.ബി.ഐക്ക് സംസ്ഥാനം അന്വേഷണ അധികാരം നൽകിയിട്ടില്ലെന്നും മുകുൾ രോഹതഗി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.