ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ഗായികക്കെതിരെ കേസ്
text_fieldsഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പരിഹാസ പോസ്റ്റിട്ട ബോജ്പുരി ഗായികക്കെതിരെ കേസ്. 2022ൽ യു.പി തെരഞ്ഞെടുപ്പ് കാലത്ത് ‘യു.പി മേം കാ ബാ’ എന്ന വൈറൽ ഗാനത്തിലൂടെ പ്രശസ്തയായ നേഹ സിങ് രാത്തോഡിനെതിരെയാണ് കേസെടുത്തത്.
വെള്ള അരക്കൈ ഷർട്ടും കറുത്ത തൊപ്പിയുമണിഞ്ഞ അർധ നഗ്നനായ ഒരാൾ മറ്റൊരാളുടെ മേൽ മൂത്രമൊഴിക്കുന്നതും സമീപം കാക്കി ട്രൗസർ കിടക്കുന്നതുമായ രേഖാചിത്രമാണ് ഇവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇതിനെ കുറിച്ച് ‘എം.പി മേം കാ ബാ’ എന്ന പേരിൽ ഗാനം പുറത്തിറക്കുമെന്നും നേഹ സിങ് ട്വിറ്ററിൽ കുറിച്ചിരുന്നു.
ബി.ജെ.പി എസ്.സി മോർച്ച മീഡിയ വിഭാഗം ചുമതലയുള്ള ഭോപ്പാൽ സ്വദേശിയായ സൂരജ് ഖരെ എന്നയാളാണ് ഇതിനെതിരെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി പ്രവർത്തകനായ പർവേശ് ശുക്ല മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ ദശ്മത് റാവത്തിനെ ഭോപാലിലെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് കാൽകഴുകിക്കൊടുത്താണ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ജനരോഷം ശമിപ്പിക്കാൻ ശ്രമിച്ചത്. യുവാവിനെ കസേരയിലിരുത്തി, മുഖ്യമന്ത്രി തറയിലിരുന്ന് കാൽകഴുകുന്ന ചിത്രം വൈറലായിരുന്നു.
കേസിലെ പ്രതിയായ പർവേശ് ശുക്ലയെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി എം.എൽ.എ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.