ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്രിവാൾ പറയുന്നത്.
'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം' -കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകൾ ഉള്ള ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ -കെജ്രിവാൾ പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് കെജ്രിവാളിന്‍റെ പ്രസ്താവന. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർഥാടനം ഒരുക്കുമെന്ന് അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആംആദ്മി പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പശുസംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നൽകുമെന്ന് റാലിയിൽ പങ്കെടുത്ത് കെജ്രിവാൾ പറഞ്ഞിരുന്നു.
കെജ്രിവാൾ ഒരു ഹിന്ദുവിരുദ്ധനാണെന്ന വാദം ഉയർത്തിയാണ് ബി.ജെ.പി ഗുജറാത്തിൽ ആം ആദ്മി പാർട്ടിയെ നേരിടുന്നത്. ഇതിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ആം ആദ്മി തീരുമാനം. താൻ ഹിന്ദു വിരുദ്ധനല്ലെന്നും കംസന്‍റെ പിന്മുറക്കാരെ ഉന്മൂലനം ചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണൻ അയച്ചതാണ് തന്നെയെന്നും കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.