ക്വിയർ പങ്കാളികൾക്കും വിവാഹിതരല്ലാത്തവർക്കും വാടകഗർഭധാരണം അനുവദിക്കുന്നത് കുഞ്ഞിന്റെ ഭാവിയെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ക്വിയർ (സ്വവർഗ, ലൈംഗിക ന്യൂനപക്ഷ) പങ്കാളികളെയും നിയമപരമായി വിവാഹിതരല്ലാത്തവരെയും വാടക ഗർഭധാരണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത് അത്തരം സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്ന് കേന്ദ്ര സർക്കാർ. വാടക ഗർഭധാരണത്തിലൂടെ ഇത്തരക്കാർക്ക് ജനിക്കുന്ന കുഞ്ഞിന്റെ മികച്ച ഭാവി ഉറപ്പാക്കാൻ ബുദ്ധിമുട്ടാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വിവാഹേതര പങ്കാളികളെയും സ്വവർഗ, ക്വിയർ പങ്കാളികളെയും വാടക ഗർഭധാരണ നിയമ പരിധിയിൽനിന്ന് പുറത്താക്കാൻ 2021ലെ വാടക ഗർഭധാരണ നിയമം, പ്രത്യുൽപാദന നിയമം എന്നിവയിൽ പാർലമെന്ററി കമ്മിറ്റി സ്വീകരിച്ച നിഗമനങ്ങൾ ഉദ്ധരിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനും കേന്ദ്ര സർക്കാറിനും വേണ്ടി കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദമ്പതികൾ എന്നാൽ നിയമപരമായി വിവാഹിതരായ ജീവശാസ്ത്രപരമായ പുരുഷനും സ്ത്രീയും ആയിരിക്കണമെന്ന് ഈ നിയമങ്ങളിൽ വ്യക്തമായി പറയുന്നുണ്ടെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി.
‘ഇത്തരം ബന്ധങ്ങൾ കോടതി ക്രിമിനൽ കുറ്റമല്ലാതാക്കിയിട്ടുണ്ടെങ്കിലും അവ നിയമവിധേയമാക്കിയിട്ടില്ലെന്ന് സമിതിയുടെ 129-ാം റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. വാടക ഗർഭധാരണ നിയമവുമായി ബന്ധപ്പെട്ട് ഈ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് അത്തരം സൗകര്യങ്ങളുടെ ദുരുപയോഗ സാധ്യതസൃഷ്ടിക്കും. ഇങ്ങനെ വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടിയുടെ മികച്ച ഭാവി ഉറപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്ന് കമ്മിറ്റിയുടെ 102-ാം റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരുന്നു’ -സർക്കാർ ചൂണ്ടിക്കാട്ടി.
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) ആക്ട്, 2021, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) റൂൾസ് 2022, സറോഗസി (റെഗുലേഷൻ) ആക്ട്, 2021, സറോഗസി (റെഗുലേഷൻ) റൂൾസ്, 2022 എന്നിവയിലെ വിവിധ വ്യവസ്ഥകളുടെസാധുത ചോദ്യം ചെയ്യുന്ന ഹർജികൾക്കും ഇടക്കാല അപേക്ഷകൾക്കും മറുപടിയായാണ് കേന്ദ്ര സർക്കാരും ഐ.സി.എം.ആറും സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എൽ.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് വിഭാഗത്തിൽപെടുന്ന സ്വവർഗ, ട്രാൻസ്ജെൻഡർ അടക്കമുള്ള പങ്കാളികളും വിവാഹേതര പങ്കാളികളും നിയമ വിധേയമായ ദമ്പതികളല്ല. അതിനാൽ വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടിയുടെ സംരക്ഷണം പ്രശ്നം സൃഷ്ടിക്കും. വാടക ഗർഭധാരണത്തിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ള ഏക വിഭാഗം നിയമവിധേയമായി വിവാഹം കഴിച്ച സ്ത്രീ -പുരുഷ ദമ്പതികൾ മാത്രമാണ്. ഇതിൽ വിവാഹേതര പങ്കാളികളോ മറ്റേതെങ്കിലും ബന്ധങ്ങളോ ഉൾപ്പെടുന്നില്ല -സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.