ആദായ നികുതി പരിശോധന: പ്രതികരണവുമായി ബി.ബി.സി
text_fieldsന്യൂഡൽഹിയിലെയും മുംബൈയിലെയും തങ്ങളുടെ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ പ്രതികരണവുമായി ബി.ബി.സി അധികൃതർ. ‘‘ആദായനികുതി ഉദ്യോഗസ്ഥർ നിലവിൽ ന്യൂഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫിസുകളിലുണ്ട്. ഞങ്ങൾ പൂർണമായി സഹകരിക്കുന്നു. ഈ സാഹചര്യം എത്രയും വേഗം മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’, എന്നിങ്ങനെയായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ക്രമക്കേട് ആരോപിച്ചാണ് ആദായനികുതി ഉദ്യോഗസ്ഥർ ഓഫിസുകളിൽ പരിശോധനക്കെത്തിയത്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ കസ്തൂർബ ഗാന്ധി മാർഗിലെയും മുംബൈയിൽ സാന്റ ക്രൂസിലെയും ഓഫിസുകളിലായിരുന്നു പരിശോധന.
ബി.ബി.സി സംപ്രേഷണം ചെയ്ത 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഡോക്യുമെന്‍ററി. ഇതേത്തുടർന്ന് ഹിന്ദുത്വ കേന്ദ്രങ്ങൾ ബി.ബി.സിക്കെതിരെ വ്യാപക പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി പരിശോധന. പരിശോധനക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.