പരിശോധന അവസാനിച്ചു; ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവർത്തനം തുടരുമെന്ന് ബി.ബി.സി
text_fieldsലണ്ടൻ: ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്‍റെ 58 മണിക്കൂറിലേറെ നീണ്ട പരിശോധന അവസാനിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ മുംബൈയിലെ ഓഫീസിൽ നിന്നും, 10.30ഓടെ ഡൽഹിയിലെ ഓഫീസിൽനിന്നും ഉദ്യോഗസ്ഥർ മടങ്ങി. തൊട്ടുപിന്നാലെ, സ്വതന്ത്ര മാധ്യമപ്രവർത്തനം തുടരുമെന്ന് ബി.ബി.സി പ്രതികരിച്ചു.
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവർത്തനം തുടരും. രാത്രി വീട്ടിൽ പോകാൻപോലുമാവാതെ നീണ്ട ചോദ്യംചെയ്യലിന് വിധേയരായ ജീവനക്കാരെ തങ്ങൾ പിന്തുണക്കുന്നു. ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായതായും ബി.ബി.സി അറിയിച്ചു.
പരിശോധന നടക്കവെ, ഏതാണ്ട് 10 മുതിർന്ന ജീവനക്കാർക്ക് രണ്ട് രാത്രികളിൽ ഓഫിസിൽ തന്നെ കഴിയേണ്ടി വന്നു. ഇന്ത്യയിൽ നിന്നുള്ള ലാഭവിഹിതത്തിന് നികുതി അടയ്ക്കുന്നതിൽ നടത്തിയ തിരിമറി കണ്ടെത്താൻ അക്കൗണ്ട് ബുക്കുകൾ, കമ്പ്യൂട്ടറുകൾ, ജീവനക്കാരുടെ മൊബൈലുകൾ എന്നിവയിലെ വിവരങ്ങൾ പകർത്തുന്ന ജോലിയാണ് പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാവില്ല -ഉപരാഷ്ട്രപതി
ഇന്ത്യയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന വ്യാജമായ ആഖ്യാനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാവില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ഇൻഫർമേഷൻ പ്രബേഷൻ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനിടയിലാണ് ബി.ബി.സിയുടെ പേര് പരാമർശിക്കാതെ ഉപരാഷ്ട്രപതിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.