തമിഴ്നാട് മന്ത്രിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ ഐ.ടി റെയ്ഡ്; സംഘർഷം
text_fieldsചെന്നൈ: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി വി. ശെന്തിൽബാലാജിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് മിന്നൽ പരിശോധന നടത്തി. പലയിടങ്ങളിലും ഡി.എം.കെ പ്രവർത്തകർ എതിർപ്പുമായി രംഗത്തുവന്നതിനെ തുടർന്ന് സംഘർഷമുണ്ടായി. ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് 200ഓളം ഉദ്യോഗസ്ഥർ ചെന്നൈ, കരൂർ, കോയമ്പത്തൂർ ജില്ലകളിലെ മന്ത്രിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓഫിസുകളിലും വസതികളിലും മറ്റുമായി 40ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.
കരൂരിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകർ റെയ്ഡിനെത്തിയ ഐ.ടി ഉദ്യോഗസ്ഥ സംഘത്തെ കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്. വാഹനങ്ങൾക്കു നേരെ ആക്രമണവുമുണ്ടായി. അക്രമസംഭവങ്ങളിൽ പരിക്കേറ്റ നാല് ഉദ്യോഗസ്ഥരെ കരൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയ്ഡിനെത്തുന്ന വിവരം ലോക്കൽ പൊലീസിനെ അറിയിക്കാത്തതിനാലാണ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ലഭ്യമാക്കാൻ കഴിയാതിരുന്നതെന്ന് കരൂർ ജില്ല പൊലീസ് സൂപ്രണ്ട് സുന്ദരവദനം അറിയിച്ചു.
അതേസമയം, തന്റെ വസതിയിൽ ഐ.ടി റെയ്ഡ് നടന്നിട്ടില്ലെന്ന് മന്ത്രി ശെന്തിൽബാലാജി അറിയിച്ചു. മന്ത്രി ശെന്തിൽബാലാജിക്കെതിരെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് റെയ്ഡ് അരങ്ങേറിയത്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡി.എം.കെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി പ്രസ്‍താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.