യെദ്യൂരപ്പക്ക് കുരുക്ക്? മകന്‍റെയും വിശ്വസ്തരുടെയും കേന്ദ്രങ്ങളിൽ ആദായ നികുതി റെയ്ഡ്; നേതൃത്വം നൽകുന്നത് 300 ഉദ്യോഗസ്ഥർ
text_fieldsബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ മകനും വിശ്വസ്തർക്കും പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. യെദ്യൂരപ്പയുടെ മകനും ബി.ജെ.പി വൈസ് പ്രസിഡന്‍റുമായ വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.
യെദ്യൂരപ്പയുടെ മോദിവിരുദ്ധ പ്രസ്താവനയും കർണാടക ബി.ജെ.പിയിലെ പടലപ്പലപ്പിണക്കങ്ങളും ചൂടുപിടിക്കുന്നതിനിടെയാണ് യെദിയൂരപ്പ വിഭാഗത്തെയും പാർട്ടിയെയും ഞെട്ടിച്ച് വ്യാഴാഴ്ച രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിൽ ഒരേസമയമാണ് പരിശോധന. 300 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തുന്നത്.
വിജയേന്ദ്രയുടെ സ്ഥാപനങ്ങളെ കൂടാതെ പുറമെ യെദ്യൂരപ്പയുടെ പഴ്സണൽ അസിസ്റ്റന്‍റ് ഉമേഷിന്‍റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഉമേഷിൻറെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സർക്കിളിലെ സ്ഥാപനങ്ങളിലുമാണ് പരിശോധന. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്പ്രേ സ്റ്റാർ റെസിഡൻസി, ആർ. എൻറർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധിക്കുന്നുണ്ട്.
കർണാടകയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മോദിയുടെ രാഷ്ട്രീയ പ്രഭാവം ഗുണം ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം യെദ്യൂരപ്പ അഭിപ്രായപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നൽകാത്തതിനെ ചൊല്ലിയും കലഹം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.